LiveTV

Live

Kerala

വയനാട്ടില്‍ ആശങ്ക ഒഴിയുന്നില്ല; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്

ജില്ലയില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വയനാട്ടില്‍ ആശങ്ക ഒഴിയുന്നില്ല; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് അഞ്ച് പേര്‍ക്ക്

വയനാട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നു വന്ന സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിയായ ഗർഭിണി, അവരുടെ ഭർത്താവ്, കോയമ്പേട് നിന്ന് വന്ന രോഗം സ്ഥിരീകരിച്ച ചീരാൽ സ്വദേശിയായ യുവാവിന്റെ സഹോദരന്‍, ഒരു വയസ്സുകാരിയുള്‍പ്പെടെയുള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 19 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്. അതേസമയം ജില്ലയില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തുടക്കത്തില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത മൂന്നു പേർക്ക്​ രോഗം ഭേദമായിരുന്നു. 32 ദിവസം തുടർച്ചയായി പുതിയ ഒരു കോവിഡ്​ രോഗി പോലും ഇല്ലാതിരുന്ന ജില്ല പൊടുന്നനെ രോഗികളുടെ എണ്ണത്തിൽ മുൻപന്തിയിലെത്തുകയായിരുന്നു. കോയ​മ്പേട്​ മാർക്കറ്റിൽപോയി മടങ്ങിവന്ന മാനന്തവാടി സ്വദേശിയായ ട്രക്ക്​ ഡ്രൈവറിൽനിന്നാണ്​ ചികിത്സയിലുള്ള മിക്കവർക്കും ഇപ്പോള്‍ രോഗം പകർന്നത്​. മാനന്തവാടി പൊലീസ്​ സ്​റ്റേഷനിലെ മലപ്പുറം, കണ്ണൂർ സ്വദേശികളായ പൊലീസുകാർക്കും രോഗം പകർന്നത്​ വയനാട്ടില്‍ നിന്നുമാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. വയനാടിന് പുറമെ മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്.