ഡല്‍ഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിൻ തിരുവനന്തപുരത്തെത്തി
കോഴിക്കോട് ഇറങ്ങിയ ആറ് പേര് രോഗലക്ഷണങ്ങളുമായി ഐസൊലേഷനില്‍

ഡല്‍ഹിയിൽ നിന്നുള്ള ആദ്യ സ്പെഷ്യല്‍ ട്രെയിൻ തിരുവനന്തപുരത്തെത്തി. നാനൂറിനടുത്ത് യാത്രക്കാരുമായാണ് ട്രെയിൻ എത്തിയത്. യാത്രക്കാരെ പരിശോധന പൂര്‍ത്തിയാക്കി പുറത്തേക്കയക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കോഴിക്കോട് ഇറങ്ങിയ 216 യാത്രക്കാരില്‍ ആറ് പേരെ കോവിഡ് ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 269 യാത്രക്കാരാണ് എറണാകുളത്ത് ഇറങ്ങിയത്.
വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവരാണ് കൂടുതലായും ട്രെയിനിലുള്ളത്. എല്ലാ യാത്രക്കാരുടേയും ശരീരോഷ്മാവ് കയറുമ്പോഴും ഇറങ്ങുമ്പോഴും പരിശോധിക്കുന്നുണ്ട്. യാത്രക്കാര്‍ മുഖാവരണം ധരിക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്.
ലോക്ക്ഡൗണിനിടയില്‍ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ തീവണ്ടിയാണിത്. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25-ന് ആദ്യ ട്രെയിന്‍ കേരളത്തിലേക്ക് യാത്ര തിരിച്ചത്. രാത്രി 10 മണിക്കാണ് സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.40ന് എറണാകുളം സൗത്ത് ജംഗ്ഷനിലും, 5.25നു തിരുവനന്തപുരത്തും എത്തി. കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ട്രെയിനിന് സ്റ്റോപ്പുകള്‍ ഉള്ളത്.
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി. കോഴിക്കോട് ഇറങ്ങിയ 216 യാത്രക്കാരില്‍ ആറ് പേരെ കോവിഡ് ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കേരളത്തിലെ മധ്യജില്ലകളിലേക്കുളള 269 യാത്രക്കാരാണ് എറണാകുളത്ത് ഇറങ്ങിയത്. പരിശോധനയ്ക്ക് ശേഷം വീടുകളിലേക്ക് പോകാന്‍ താത്പര്യമുള്ളവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്കും മാറ്റും.
Adjust Story Font
16