LiveTV

Live

Kerala

വാത്സല്യകൂട്ടിലേക്ക് കളക്ടർ എത്തി; കരുതൽ ഏറ്റുവാങ്ങാൻ

സഹായങ്ങൾ സ്വരൂപിച്ചു കിട്ടിയ 18000 രൂപയാണ് കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറിയത്

വാത്സല്യകൂട്ടിലേക്ക് കളക്ടർ എത്തി; കരുതൽ ഏറ്റുവാങ്ങാൻ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിനിടയിലും വാത്സല്യ ഭവനത്തിലെ കുട്ടികളുടെ വിളിക്ക് ഉത്തരം നല്‍കാതിരിക്കാന്‍‌ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിനായില്ല. കോവിഡ് പ്രവർത്തനങ്ങൾക്കായി എറണാകുളം വടുതല വാത്സല്യ ഭവൻ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ കരുതലോടെ കാത്തുവെച്ച തുക സ്വീകരിക്കാനായിരുന്നു കളക്ടർ എത്തിയത്.

ലോകം തന്നെ കോവിഡ് ഭീഷണിയിൽ പൊരുതുമ്പോൾ തങ്ങളാൽ ആവുന്ന സഹായം ചെയ്യണമെന്ന കുട്ടികളുടെ ആഗ്രഹം ഇതോടെ സാഫല്യമായി. കോവിഡ് കാലത്തെ മാസ്ക് നിര്‍മാണം അടക്കമുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ് നിരവധി ആളുകള്‍ നല്‍കിയ സഹായങ്ങൾ സ്വരൂപിച്ചു കിട്ടിയ 18000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറിയത്.

കോവിഡ് വ്യാപനം ആരംഭിച്ച സമയം മുതൽ വാത്സല്യ ഭവനിലെ കുട്ടികൾ പ്രതിരോധത്തിനായി മാസ്കുകൾ നിർമിച്ചു തുടങ്ങിയിരുന്നു. ഏപ്രിൽ 21ന് അവർ നിർമിച്ച മാസ്കുകൾ കളക്ടർക്ക് കൈമാറുകയും ചെയ്തു. ഇതില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കളക്ടർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള മാസ്കുകളും ഉണ്ടായിരുന്നു. മാസ്കുകൾ കൈ മാറിയപ്പോൾ കുട്ടികളെ കാണാനായി എത്തുമെന്ന് കളക്ടർ നൽകിയ വാക്ക് കൂടിയാണ് വാത്സല്യ ഭവന്‍ സന്ദര്‍ശിച്ചതിലൂടെ കളക്ടര്‍ പൂര്‍ത്തീകരിച്ചത്. പതിമൂന്നിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള 21 കുട്ടികൾ ആണ് വാത്സല്യ ഭവനിൽ ഉള്ളത്.