LiveTV

Live

Kerala

വാളയാറിലെത്തിയ കോൺഗ്രസ് നേതാക്കളെ നിരീക്ഷണത്തിലാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ തർക്കം

വാളയാറിലെത്തിയ കോൺഗ്രസ് നേതാക്കളെ നിരീക്ഷണത്തിലാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ തർക്കം

വാളയാർ ചെക്ക് പോസ്റ്റിലെത്തിയ കോൺഗ്രസ് നേതാക്കളെ നിരീക്ഷണത്തിലാക്കുന്നത് സംബന്ധിച്ച രാഷ്ട്രീയ തർക്കം മുറുകുന്നു. എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കണമെന്ന് സി.പി.എം ആവശ്യപ്പെടുന്നു. എന്നാൽ ഗുരുവായൂരിൽ പ്രവാസികളെ സ്വീകരിച്ച മന്ത്രി ഏ.സി മൊയ്തീനാണ് നിരീക്ഷണത്തിൽ പോകേണ്ടതെന്നാണ് കോൺഗ്രസ് വാദം.

ഈ മാസം ഒൻപതാം തിയ്യതി പാസില്ലാതെ നിരവധി പേരാണ് വാളയാർ ചെക്ക് പോസ്റ്റിലെത്തിയത്. വിഷയത്തിൽ ഇടപെട്ട് എം.പിമാരായ വി.കെ ശ്രീകണ്ഠൻ, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവർ വാളയാറിൽ എത്തിയിരുന്നു. ഇതേദിവസം പാസില്ലാതെ ചെക്ക് പോസ്റ്റിലെത്തിയ മലപ്പുറം ബി.പി അങ്ങാടി സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 12 മണിക്കൂറോളം രോഗി ചെക്ക് പോസ്റ്റിന് സമീപം ഉണ്ടായിരുന്നു. രോഗിയുമായി അടുത്ത് ഇടപഴകിയ എല്ലാവരും നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

വാളയാറിൽ സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളെ നിർബന്ധിത നിരീക്ഷണത്തിലേക്ക് മാറ്റുകയും ഇവർക്കെതിരെ കേസ് എടുക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പാലക്കാട് ജില്ലാ കമ്മറ്റി പ്രസ്താവന ഇറക്കി. എന്നാൽ ഗുരുവായൂരിൽ രോഗം സ്ഥിരീകരിച്ച പ്രവാസികളെ ഉൾപ്പെടെ മന്ത്രി എ.സി മൊയ്തീൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും മന്ത്രിയെയാണ് നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടതെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.

ബി.ജെ.പി നേതാക്കളും ഇതേ ദിവസം വാളയാറിലുണ്ടായിരുന്നു. രാഷ്ട്രീയ തർക്കം ശക്തമായി നടക്കുന്നുണ്ടെങ്കിലും നിരീക്ഷണത്തിൽ പോകുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും നിരീക്ഷണത്തിൽ പോകേണ്ടി വരുമെന്നാണ് സൂചന.