LiveTV

Live

Kerala

വയനാട്ടില്‍ ഒരു പൊലീസുകാരന് കൂടി കോവിഡ്; സംസ്ഥാനത്ത് കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം മൂന്നായി

മാനന്തവാടി സ്റ്റേഷനിലെ 24 പേരുടെ സ്രവം പരിശോധനക്കയച്ചതിലാണ് മൂന്ന് പേരുടെ ഫലം പോസിറ്റീവായത്.

വയനാട്ടില്‍ ഒരു പൊലീസുകാരന് കൂടി കോവിഡ്; സംസ്ഥാനത്ത് കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം മൂന്നായി

വയനാട് ജില്ലയില്‍ ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് പോസിറ്റീവായ പൊലീസുകാരുടെ എണ്ണം മൂന്നായി. മാനന്തവാടി സ്റ്റേഷനിലെ 24 പേരുടെ സ്രവം പരിശോധനക്കയച്ചതിലാണ് മൂന്ന് പേരുടെ ഫലം പോസിറ്റീവായത്.

എസ്പിയും ഡിവൈഎസ്പിയുമടക്കം കൂടുതല്‍ പൊലീസുകാര്‍ നിരീക്ഷണത്തിലായതോടെ മാനന്തവാടി പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. രോഗവ്യാപനം തടയുന്നതില്‍ വീഴ്ച ഉണ്ടായതായി ഐ സി ബാലകൃഷ്ണന്‍ എംഎല്‍‍എയും പൊലീസിനും ജില്ലാ ഭരണകൂടത്തിനും വീഴ്ച സംഭവിച്ചതായി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനനും കുറ്റപ്പെടുത്തി.

മെയ് 2ന് ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തി രോഗ ബാധിതനായ ലോറി ഡ്രൈവറില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച യുവാവില്‍ നിന്നാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്ക് രോഗബാധയുണ്ടായത്. എന്നാല്‍ യുവാവിന്‍റെ റൂട്ട്മാപ്പ് പോലും ഇപ്പോഴും പൂര്‍ണ്ണമായി തയ്യാറാക്കിയിട്ടില്ല. ഇദ്ദേഹം ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനുമെതിരെ രംഗത്ത് വന്നത്. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനനും പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും കുറ്റപ്പെടുത്തി.

മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 24 പൊലീസുകാരടക്കം 50ഓളം പൊലീസുകാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ജില്ലാ പൊലീസ് മേധാവി, മാന്തവാടി ഡിവൈഎസ്പി, സുല്‍ത്താന്‍ ബത്തേരി സിഐ , രണ്ട് എസ്ഐമാര്‍ തുടങ്ങിയവരും നിരീക്ഷണത്തിലാണ്. എംഎല്‍എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന അവലോകന യോഗങ്ങളും ഇനി നടക്കില്ല. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കാനെത്തെരുതെന്നാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം.