LiveTV

Live

Kerala

സാമൂഹ്യ പ്രവര്‍ത്തകന്‍, കുടുംബത്തിന്‍റെ ഏക ആശ്രയം.. ഗഫൂറിന്‍റെ വിയോഗം താങ്ങാനാകാതെ ബന്ധുക്കളും നാട്ടുകാരും

കോവിഡ് ബാധിച്ചാണ് അബ്ദുല്‍ ഗഫൂര്‍ കുവൈത്തില്‍ മരിച്ചത്.

സാമൂഹ്യ പ്രവര്‍ത്തകന്‍, കുടുംബത്തിന്‍റെ ഏക ആശ്രയം..  ഗഫൂറിന്‍റെ വിയോഗം താങ്ങാനാകാതെ ബന്ധുക്കളും നാട്ടുകാരും

ഇന്നലെ കുവൈത്തില്‍ കോവിഡ് 19 ബാധിച്ച് മരിച്ച അബ്ദുല്‍ ഗഫൂറിന്‍റെ വിയോഗം സൃഷ്ടിച്ച നടുക്കത്തിലാണ് സ്വദേശമായ കണ്ണൂര്‍ പയ്യന്നൂരിലെ ബന്ധുക്കളും നാട്ടുകാരും. കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന ഗഫൂര്‍ നാട്ടിലും വിദേശത്തും സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്നു.

ഒന്‍പത് വര്‍ഷം മുന്‍പാണ് പയ്യന്നൂര്‍ കവ്വായിലെ അക്കാളത്ത് അബ്ദുല്‍ ഗഫൂര്‍ ജോലി തേടി കുവൈത്തിലേക്ക് പോയത്. ഫര്‍വ്വാനിയ ദജീജിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. നാല് ദിവസം മുന്‍പാണ് പനിയെ തുടര്‍ന്ന് ഗഫൂറിനെ അവിടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയും ഗഫൂര്‍ വീട്ടുകാരെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഭയപ്പെടാനില്ലന്ന ആശ്വാസത്തിലായിരുന്നു കുടുംബാംഗങ്ങള്‍.

എന്നാല്‍ പൊടുന്നനെ ആരോഗ്യനില വഷളായി. ഇന്നലെ രാവിലെ 10 മണിയോടെ മരണം സംഭവിച്ചു. ഭാര്യയും മൂന്ന് വയസുളള മകനും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയം കൂടിയാണ് ഇതോടെ ഇല്ലാതാവുന്നത്. നാട്ടിലും വിദേശത്തും സാമൂഹ്യ പ്രവര്‍ത്തന രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഗഫൂര്‍. എട്ട് മാസം മുന്‍പാണ് ഗഫൂര്‍ അവസാനമായി നാട്ടിലെത്തിയത്. ഇനി ഒരു മടങ്ങിവരവില്ലെന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാനാവാതെ തേങ്ങുകയാണ് ഈ കുടുംബവും നാട്ടുകാരും.