LiveTV

Live

Kerala

വാളയാര്‍ വഴി വന്നയാള്‍ക്ക് കോവിഡ്: ജനപ്രതിനിധികള്‍ ക്വാറന്‍റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ്

വാളയാര്‍ വഴി വന്നയാള്‍ക്ക് കോവിഡ്: ജനപ്രതിനിധികള്‍ ക്വാറന്‍റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ്

വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് .മൂന്ന് കോണ്‍ഗ്രസ് എംപിമാരും 2 എം.എല്‍.എമാരും അന്ന് വാളയാറിലുണ്ടായിരുന്നു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വിവരങ്ങള്‍ കൈമാറണമെന്ന് പാലക്കാട് ഡി.എം.ഒ അറിയിച്ചു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍, പൊലീസുകാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരും നിരീക്ഷണത്തില്‍ പോകണമെന്നാണ് നിര്‍ദേശം.

ആരോഗ്യ വകുപ്പ് പുറത്ത് വിട്ട റൂട്ട് മാപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച വ്യക്തി ഒൻപതാം തിയ്യതി രാവിലെ പത്തരക്ക് വാളയാറിൽ എത്തിയിട്ടുണ്ട്. പാസില്ലാത്തതിനാൽ രാത്രി 10.30 വരെ ചെക്ക്പോസ്റ്റിന് സമീപം ഇരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വന്നതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒൻപതാം തിയ്യതി രോഗി ഉണ്ടായിരുന്ന സമയത്ത് ചെക്ക് പോസ്റ്റിലുണ്ടായിരുന്ന എം.പിമാരായ വി.കെ ശ്രീകണ്oൻ, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ഷാഫി പറമ്പിൽ, അനിൽ അക്കരെ എന്നിവർ നിരീക്ഷണത്തിൽ പോകണം. കൂടാതെ ജോലിയിലുണ്ടായിരുന്ന രണ്ട് ഡി.വൈ.എസ്.പിമാർ ഉൾപെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, റവന്യൂ ജീവനകാർ, കോയമ്പത്തൂർ ആര്‍.ഡി.ഒ ഉൾപെടെ ഉള്ള തമിഴ്നാട്ടിലെ ഉദ്യോഗസ്ഥർ എന്നിവർ നിരീക്ഷണത്തിൽ പോകണം. കൂടാതെ ബി.ജെ.പി ജില്ലാ പ്രസിഡൻറ് ഇ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാർ, പൊതുപ്രവർത്തകർ എന്നിവരും നിരീക്ഷണത്തിൽ പോകണം. ഒൻപതാം തിയ്യതി പാസില്ലാതെ വന്ന മുഴുവൻ പേരും നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും പാലക്കാട് ഡി.എം.ഒ അറിയിച്ചു. ഇന്ന് മുതൽ 14 ദിവസം ഹോം ക്വാറന്‍റൈനില്‍ ഇരിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ശ്രവ പരിശോധന നടത്തും. രോഗിയുടെ കൂടെ യാത്ര ചെയ്തവരെ ഹൈ റിസ്ക്കിലും, മറ്റുള്ളവരെ ലോ റിസ്ക്കിലുമാണ് ഉൾപെടുത്തിയിരിക്കുന്നത്.