LiveTV

Live

Kerala

ലോക്ഡൌണില്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ നിര്‍ദ്ദേശം

സെക്രട്ടറിയേറ്റില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി

 ലോക്ഡൌണില്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ നിര്‍ദ്ദേശം

ലോക്ഡൌണ്‍ കാലത്ത് ഡ്യൂട്ടിക്ക് ഹാജരാകാത്ത സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ പൊതുഭരണ വകുപ്പിന്‍റെ നിര്‍ദ്ദേശം. സെക്രട്ടറിയേറ്റില്‍ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ലോക് ഡൌണ്‍ കാലത്തെ ഗതാഗത സൌകര്യങ്ങളുടെ അപര്യാപ്തതയും മറ്റും തടസങ്ങളും പരിഗണിക്കാത്തതില്‍ ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ട്

ലോക് ഡൌണ്‍ പരിഗണിച്ച് 50 ശതമാനം ഗസറ്റഡ് ഓഫീസര്‍മാരും 33 ശതമാനം നോണ്‍ ഗസ്റ്റഡ് ജീവനക്കാരും ഹാജരായാല്‍ മതിയെന്നാണ് നേരത്തെ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ അനുവദിക്കപ്പെട്ട ഈ പരിധിയില്‍ പോലും ജീവനക്കാര്‍ സെക്രട്ടറിയേറ്റില്‍ ഹാജരാകുന്നില്ലെന്നാണ് പൊതുഭരണവകുപ്പിന്‍റെ നിഗമനം. ഈ സാഹചര്യത്തിലാണ് ഈ മാസം ഒന്നു മുതല്‍ ഹാജര്‍ നില പരിശോധിച്ച് ആനുപാതികമായ ഹാജരില്ലെങ്കില്‍ ശമ്പളം പിടിക്കാന്‍ നടപടി വേണമെന്ന നിര്‍ദേശം പൊതുഭരണവകുപ്പ് ധനവകുപ്പിന് മുന്നില്‍ വെച്ചിരിക്കുന്നത്. പഞ്ചിങ് ഇല്ലാത്തതിനാല‍് ഇ ഫയല്‍ ലോഗിന്‍ അടിസ്ഥാനമാക്കി ഹാജര്‍ കണക്കാക്കണമെന്നും നിര്‍ദശിച്ചിട്ടുണ്ട്. എന്നാല‍് പൊതുഭരണവകുപ്പിന്‍റെ നടപടി പ്രായോഗികമല്ലെന്നാണ് ജീവനക്കാര‍് പറയുന്നത്. പൊതുഗതാഗത സംവിധാനമില്ലാത്തതിനാല‍് പല ദിവസങ്ങളിലും ജില്ലയുടെ വിദൂരഭാഗങ്ങളിലുള്ളവര്‍ക്ക് ഹാജരാകാന്‍ പറ്റിയിട്ടില്ല.

മാത്രമല്ല മറ്റു ജില്ലകളില്‍ എത്തിപ്പെട്ടവര്‍ക്ക് യാത്ര ചെയ്യാനും കഴിഞ്ഞിരുന്നില്ല. ഇ ഫയല്‍ ലോഗിന്‍ മാത്രം പരിഗണിച്ചാല്‍ സെക്രട്ടറിയേറ്റില്‍ വന്നവര്‍ക്ക് പോലും ഹാജര്‍ ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. ധനവകുപ്പിന്‍റെ നിര്‍ദേശത്തിനെതിര ഭരണ പ്രതിപക്ഷ വ്യത്യാസമന്യേ ജീവനക്കാര്‍ക്ക് എതിര്‍പ്പുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജീവനക്കാര്‍ പരാതി പറഞ്ഞതായാണ് സൂചന. എന്തായാലും ലോക് ഡൌണിന്‍റെ ആലസ്യത്തിലായിരുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര‍ുടെ ഹാജര്‍ നിലയില്‍ പുതിയ നിര്‍ദേശത്തോടെ വര്‍ധവുണ്ടാകുമെന്നാണ് ഉറപ്പായി.