LiveTV

Live

Kerala

സമൂഹവ്യാപനം ഒഴിവാക്കാൻ ജാഗ്രത വേണമെന്ന് മന്ത്രിസഭായോഗം

ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിയന്ത്രിത അളവിലേ മലയാളികളെ കൊണ്ട് വരാൻ സാധിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രി

സമൂഹവ്യാപനം ഒഴിവാക്കാൻ ജാഗ്രത വേണമെന്ന് മന്ത്രിസഭായോഗം

കോവിഡ് 19ന്റെ ഗ്രാഫ് വീണ്ടും ഉയർന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രിസഭാ യോഗം. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുളളവരും എത്തിയതോടെ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിയന്ത്രിത അളവിലേ മലയാളികളെ കൊണ്ട് വരാൻ സാധിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്നവരിൽ കൂടുതൽ പേർക്ക് കൂടി രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ട്. ഗള്‍ഫില്‍ നിന്ന് വന്നവരില്‍ നിന്ന് 22 കേസുകള്‍ ഉണ്ടായി. സമൂഹ വ്യാപന സാധ്യതയിലേക്ക് പോകാതിരിക്കാൻ കർശന ജാഗ്രത അത്യാവശ്യമാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ഇന്ത്യയുടെ പലഭാഗത്തുള്ളവരും സംസ്ഥാനത്തേക്ക് എത്തുന്നുതിനായി താൽപ്പര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ നിയന്ത്രിതമായേ അവരെ കൊണ്ടുവരാന്‍ കഴിയുന്നുളളൂവെന്ന്ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

വാളയാറിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമീപത്തുണ്ടായിരുന്നവർ മുഴുവൻ നിരീക്ഷണത്തിലേക്ക് പോകേണ്ടിവരും. നിരീക്ഷണം കർശനമാക്കാൻ വാര്‍ഡ് തല സമിതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ ഹാള്‍ അണുവിമുക്തമാക്കാന്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.