LiveTV

Live

Kerala

സംസ്ഥാനത്തിനുളളിൽ പൊതുഗതാഗതം അനുവദിക്കണം: ലോക്ക്ഡൌണ്‍ ഇളവ് സംബന്ധിച്ച നിര്‍ദേശങ്ങളുമായി കേരളം

റെഡ് സോണിലൊഴികെയുളള മേഖലകളിൽ നിയന്ത്രണങ്ങൾ ഭാഗിക തോതിൽ ഒഴിവാക്കണം. ലോക്ക് ഡൌൺ ഇളവ് സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു

സംസ്ഥാനത്തിനുളളിൽ പൊതുഗതാഗതം അനുവദിക്കണം: ലോക്ക്ഡൌണ്‍ ഇളവ് സംബന്ധിച്ച നിര്‍ദേശങ്ങളുമായി കേരളം

ലോക്ക്ഡൌൺ ഇളവ് സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. റെഡ് സോണിലൊഴികെയുളള മേഖലകളിൽ നിയന്ത്രണങ്ങൾ ഭാഗിക തോതിൽ ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തിനുളളിൽ പൊതുഗതാഗതം പുനരാരംഭിക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

ലോക്ക്ഡൌണിൽ ഇളവ് വരുത്താൻ സംസ്ഥാനങ്ങൾക്ക് വിവേചനാധികാരം നൽകണമെന്ന് പ്രധാനമന്ത്രിയുമായുളള വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നാലാംഘട്ട ലോക്ക്ഡൌൺ വ്യത്യസ്തമായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.

സുരക്ഷയൊരുക്കി സംസ്ഥാനത്തിനകത്ത് അഭ്യന്തര വിമാനസർവീസും ട്രെയിൻ സർവീസും പുനരാരംഭിക്കണമെന്നാണ് കേരളം മുന്നോട്ട് വെച്ച പ്രധാന നിർദേശം. മുംബൈ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, ബംഗളൂരു, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കേരളത്തിലേക്ക് നോൺ സ്റ്റോപ് ട്രെയിൻ അനുവദിക്കണം. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി ജില്ലക്കകത്ത് ബസ് സർവീസ് പുനഃസ്ഥാപിക്കണം. കണ്ടെയ്ൻമെൻറ് സോൺ ഒഴികെയുളള സ്ഥലങ്ങളിൽ വ്യവസായ പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

റസ്റ്റോറന്റുകൾ ശാരീരിക അകലം പാലിച്ച് പുനരാരംഭിക്കുമെന്നാണ് കേരളം മുന്നോട്ട് വെച്ച് മറ്റൊരു നിർദേശം. കർശനമായ വ്യവസ്ഥകളോടെ ഓട്ടോറിക്ഷകൾ ഓടിക്കാൻ അനുവദിക്കാവുന്നതാണ്. തൊഴിലുറപ്പ് കാർഷിക വൃത്തിക്കുകൂടി ബാധകമാക്കണമെന്ന നിർദേശവും സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.