LiveTV

Live

Kerala

പത്തനംതിട്ടയില്‍ ഒരു മാസത്തിന് ശേഷം വീണ്ടും കോവിഡ്

അബൂദബിയിൽ നിന്നെത്തിയ റാന്നി കോട്ടാങ്ങൽ സ്വദേശിനിയായ 69കാരിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

പത്തനംതിട്ടയില്‍ ഒരു മാസത്തിന് ശേഷം  വീണ്ടും കോവിഡ്

കൃത്യം ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പത്തനംതിട്ടയിൽ വീണ്ടും കോവിഡ് രോഗം സ്ഥിരീകരിച്ചത്. അബൂദബിയിൽ നിന്നെത്തിയ റാന്നി കോട്ടാങ്ങൽ സ്വദേശിനിയായ 69കാരിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രത കൂടുതൽ കർശനമാക്കി.

അബൂദബിയിൽ നിന്ന് ആദ്യ സംഘത്തിൽ സംസ്ഥാനത്തേക്കെത്തിയ പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിനിയിലാണ് രോഗബാധ കണ്ടെത്തിയത്. മാർച്ച് 7ന് വിമാന മാർഗം നെടുമ്പാശ്ശേരിയിൽ എത്തിയ ഇവരെ പ്രത്യേക വാഹനത്തിൽ ആണ് ജില്ലയിലെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയത്. തുടർന്ന് അന്ന് തന്നെ ഇവരിൽ നിന്ന് സ്രവ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഈ സാമ്പിൾ പരിശോധനാ ഫലമാണ് പോസിറ്റീവായി കണ്ടെത്തിയത്. നേരത്തെ ഇവരുടെ മകളുടെ ഭർത്താവ് അബുദാബിയിൽ വെച്ച് കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ജനുവരിയിലാണ് ഇവർ അബൂദബിയിലെത്തിയത്. പ്രമേഹ രോഗിയായ 69കാരിയുടെ ആരോഗ്യസ്ഥിതിയിൽ നിലവിൽ പ്രശ്നങ്ങളില്ല. ഇവരുടെ പ്രൈമറി കോൺടാക്ടുകളേയും കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ജില്ലയിലേക്കെത്തിയ ഒരു യുവാവിനും പ്രകടമായ രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.

വിദേശത്തു നിന്നും 98 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 1088 പേരുമാണ് ഇതുവരെ ജില്ലയിലേക്ക് എത്തിയത്. ഇതിൽ 256 പേരാണ് ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളത്. 111 പേർ വിവിധ കോവിഡ് ഹോട്സ്പോട്ടുകളിൽ നിന്ന് എത്തിയവരാണ്. ആകെ 11 പേർ നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.