LiveTV

Live

Kerala

സിമന്‍റ് വില വര്‍ധന: മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സിമന്‍റ് ഡീലര്‍മാര്‍

സിമന്‍റ് വില വര്‍ധനവിന് പിന്നില്‍ തങ്ങളല്ലെന്നും കമ്പനികളാണെന്നുമാണ് ഡീലര്‍മാരുടെ നിലപാട്

സിമന്‍റ് വില വര്‍ധന: മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സിമന്‍റ് ഡീലര്‍മാര്‍

സിമന്‍റ് വില അനധികൃതമായി കൂട്ടി വില്‍ക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സിമന്‍റ് ഡീലര്‍മാര്‍. സിമന്‍റ് വില വര്‍ധനവിന് പിന്നില്‍ തങ്ങളല്ലെന്നും കമ്പനികളാണെന്നുമാണ് ഡീലര്‍മാരുടെ നിലപാട്. തങ്ങള്‍ക്കെതിരായ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തിവെയ്ക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

ലോക്ഡൌണിന് മുമ്പ് ബ്രാന്‍റുകളുടെ നിലവാരം അനുസരിച്ച് 395 രൂപ മുതല്‍ 425 വരെയാണ് സിമന്‍റിന് കമ്പനികള്‍ വില നിശ്ചയിച്ചിരുന്നത്. 50 രൂപ വരെ ഡിസ്കൌണ്ടും നല്‍കി. ഇത് മാര്‍ക്കറ്റിലെ വില്‍പന വിലയും കുറച്ചു. എന്നാല്‍ ലോക്ഡൌണില്‍ ഇളവ് നല്‍കിയതിന് പിന്നാലെ കമ്പനികള്‍ ഈ ഡിസ്കൌണ്ടുകള്‍ പിന്‍വലിച്ചു. ഡീലര്‍ക്കുള്ള വില്‍പന വിലയിലും 10 രൂപ കമ്പനികള്‍ കൂട്ടി. ഇതാണ് വില ഉയരാനുള്ള കാരണമെന്നാണ് ഡീലര്‍മാരുടെ നിലപാട്.

നിലവില്‍ 435 രൂപ വരെയാണ് മുന്‍നിര കമ്പനികള്‍ വിലയിട്ടു ഡീലര്‍ക്ക് നല്‍കുന്നത്. അതിന് പുറമേയാണ് പ്രളയ സെസും കയറ്റിറക്ക് കൂലിയും ജിഎസ്ടിയും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മലബാര്‍ സിമന്‍റ്സും വില ഉയര്‍ത്തുന്ന കാര്യത്തില്‍ വ്യത്യസ്തരല്ലെന്നാണ് ഡീലര്‍മാരുടെ കുറ്റപ്പെടുത്തല്‍.