LiveTV

Live

Kerala

668 പ്രവാസികളുമായി എയർ ഇന്ത്യയുടെ നാല് വിമാനങ്ങൾ കേരളത്തിലെത്തി; രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍

സുരക്ഷ പരിശോധനകൾക്ക് ശേഷം മുഴുവന്‍ യാത്രക്കാരേയും അതത് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി

 668 പ്രവാസികളുമായി എയർ ഇന്ത്യയുടെ നാല് വിമാനങ്ങൾ കേരളത്തിലെത്തി; രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍

ഗൾഫിലും സിംഗപ്പൂരിലും കുടുങ്ങിയ 668 പ്രവാസികളുമായി എയർ ഇന്ത്യയുടെ നാല് വിമാനങ്ങൾ ഇന്നലെ കേരളത്തിലെത്തി. ഇതിൽ ദുബൈ - കണ്ണൂർ വിമാനത്തിൽ എത്തിയ രണ്ട് പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷ പരിശോധനകൾക്ക് ശേഷം മുഴുവന്‍ യാത്രക്കാരേയും അതത് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

അപ്രതീക്ഷിത കാരണങ്ങളാൽ കഴിഞ്ഞ ഞാറാഴ്ച റദ്ദാക്കിയ ദോഹ - തിരുവന്തപുരം വിമാനം പുലർച്ചെ 12.50-നാണ് 181 യാത്രക്കാരുമായി തിരുവനന്തപുരത്ത് എത്തിയത്. കേരളത്തിലെ 12 ജില്ലകളില്‍ നിന്നുള്ളവർ ഈ വിമാനത്തിലുണ്ടായിരുന്നു. അടിയന്തര ചികിത്സ ആവശ്യമായ ഒരു കർണാടക സ്വദേശിയും മഹാരാഷ്ട്ര സ്വദേശിയുണ്ട്. ഇവരെ കൂടാതെ 18 തമിഴ്നാട് സ്വദേശികളും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഇവരെ തമിഴ്നാട് സർക്കാർ പ്രത്യേകം ഏർപ്പെടുത്തിയ ബസിൽ കൊണ്ട് പോയി.

അതേസമയം ദുബൈ - കണ്ണൂർ വിമാനമാണ് ഇന്നലെ ആദ്യം എത്തിയത്. 182 യാത്രക്കാരുമായി രാത്രി 7.25 ഓടെയാണ് വിമാനം കണ്ണൂരിൽ ലാന്റ് ചെയ്തത്. ഈ വിമാനത്തിൽ വന്ന രണ്ട് പേർക്ക് കോവിഡ് രോഗലക്ഷണങ്ങളുണ്ട്. കടമ്പൂർ, വടകര സ്വദേശികളായ ഇവരെ അഞ്ചരകണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. 102 പേരെ കോവിഡ് കെയർ സെന്ററിലേക്കും ഗർഭിണികളും കുട്ടികളുമടക്കം 78 പേരെ വീടുകളിലേക്ക് ക്വറന്റൈനിൽ വിട്ടു. കിഡ്നി രോഗിയായ മലപ്പുറം സ്വദേശിയെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.

ദമ്മാം, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഇന്നലെ നെടുമ്പാശേരിയിൽ എത്തിയത്. ആറ് കൈകുഞ്ഞുങ്ങടക്കം 174 പേരാണ് ദമ്മാം വിമാനത്തിലുണ്ടായിരുന്നത്. ഈ വിമാനത്തിൽ കൊല്ലം ജില്ലയിൽ നിന്നുള്ളവരായിരുന്നു കൂടുതല്‍ പേരും. 38 പേരാണ് കൊല്ലം ജില്ലക്കാർ. ഒരു തമിഴ്നാട് സ്വദേശിയുമുണ്ടായിരുന്നു. സിംഗപ്പൂർ വിമാനം ബംഗളൂരു വഴിയാണ് എത്തിയത്. 180 യാത്രക്കാരില്‍ 49 പേർ ബംഗളൂരുവിൽ ഇറങ്ങി. ബാക്കി 131 മലയാളികളാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ദുബൈ കണ്ണൂർ വിമാനത്തിലെ രണ്ട് പേർക്കൊഴികെ ബാക്കി വിമാനങ്ങളിൽ വന്ന ആര്‍ക്കും കോവിഡ് രോഗലക്ഷണങ്ങളില്ല.