LiveTV

Live

Kerala

ഇന്നലെ വന്ന പ്രവാസികളില്‍ ആറ് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍: ആശുപത്രിയിലേക്ക് മാറ്റി

ദുബൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ കൊച്ചിയിലും ബഹ്റൈനില്‍ നിന്ന് കരിപ്പൂരിലിറങ്ങിയ നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണുള്ളത്.

ഇന്നലെ വന്ന പ്രവാസികളില്‍ ആറ് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍: ആശുപത്രിയിലേക്ക് മാറ്റി

ഇന്നലെ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളിലെത്തിയ ആറ് പ്രവാസികളെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റി. ദുബൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ കൊച്ചിയിലും ബഹ്റൈനില്‍ നിന്ന് കരിപ്പൂരിലിറങ്ങിയ നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണുള്ളത്.

കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും പാലക്കാട് സ്വദേശിയായ ഒരാളുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ളത്. ഇവരെ മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയേയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്.

ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളുമായുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ രണ്ട് വിമാനങ്ങളാണ് ഇന്നലെ കേരളത്തിലെത്തിയത്. ദുബൈയിൽ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയിലും ബഹ്റൈനിൽ നിന്നുള്ളത് കരിപ്പൂരിലുമാണ് എത്തിയത്.

ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം രാത്രി 8.10ഓടെ കൊച്ചിയിലെത്തി. ഒരു കൈക്കുഞ്ഞടക്കം 178 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തൃശ്ശൂർ ജില്ലയില്‍ നിന്നുമുള്ളവരാണ് ഏറ്റവും കൂടുതല്‍- 50 പേര്‍. ഗോവ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേരും സംഘത്തിലുണ്ടായിരുന്നു. പ്രവാസികളുമായി കൊച്ചിയിലെത്തുന്ന ഏഴാമത്തെ വിമാനമാണ് ഇന്നലെ എത്തിയത്. സുരക്ഷ പരിശോധനകൾക്ക് ശേഷം മുഴുവന്‍ യാത്രക്കാരേയും അതത് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ബഹ്റൈനിൽ നിന്നുള്ള വിമാനം രാത്രി 12.40നാണ്‌ കരിപ്പൂരിലെത്തിയത്. സംസ്ഥാനത്തെ 10 ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ ഒരു ഗോവ സ്വദേശിയുൾപ്പെടെ 184 പേരാണ് ഈ വിമാനത്തിൽ എത്തിയത്.