LiveTV

Live

Kerala

എസി ട്രെയിനിലെ യാത്ര കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ആശങ്ക

ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു.

എസി ട്രെയിനിലെ യാത്ര കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ആശങ്ക

സ്പെഷ്യല്‍ ട്രെയിനുകള്‍ വഴി കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തെത്തുന്നത് കോവിഡിന്‍റെ വ്യാപനത്തിന് കാരണമാകുമോയെന്ന് ആരോഗ്യ വകുപ്പിന് ആശങ്ക. എസി കോച്ചുകളിലെ യാത്ര വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദദ്ധര്‍ പറയുന്നു. ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു.

എവിടെയും രജിസ്റ്റര്‍ ചെയ്യാതെയും പാസ് ഇല്ലാതെയും ആളുകള്‍ എത്തുന്നത് ക്വാറന്‍റൈന്‍ ചെയ്യുന്നതടക്കമുളള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാല്‍ പാസ് നിര്‍ബന്ധമാക്കി. റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി കോവിഡ്19 ജാഗ്രത പോർട്ടലിൽ അപേക്ഷിക്കണം. ഇതിനകം ഏത് മാർഗം വഴിയും അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽ മാർഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം. ഇതുവരെ പാസിനപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും.

ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷൻ, എത്തേണ്ട സ്‌റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ 'കോവിഡ്19 ജാഗ്രത' വഴി രേഖപ്പെടുത്തണം. കേരളത്തിൽ ഇറങ്ങുന്ന റെയിൽവേ സ്‌റ്റേഷനുകളിൽ കമ്പ്യൂട്ടർ വഴി വിശദാംശങ്ങൾ പരിശോധിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവർ നിർബന്ധിത 14 ദിവസ ഹോം ക്വാറൻറയിനിൽ പ്രവേശിക്കണം. ഹോം ക്വാറൻറയിൻ പാലിക്കാത്തവരെ നിർബന്ധമായി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറയിനിൽ മാറ്റും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ തുടർപരിശോധന നടത്തും. പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ നിർബന്ധമായും 14 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറയിനിൽ പോകേണ്ടി വരുമെന്നും സർക്കാർ അറിയിച്ചു.