LiveTV

Live

Kerala

കോവിഡ് മുക്തമായി മണിക്കൂറുകള്‍ക്കകം വീണ്ടും കോവിഡ് സ്ഥിരീകരിച്ച് പാലക്കാട്

മെയ് ആറിന് ചെന്നൈയിൽ നിന്ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് മുക്തമായി മണിക്കൂറുകള്‍ക്കകം വീണ്ടും കോവിഡ് സ്ഥിരീകരിച്ച് പാലക്കാട്
Summary

പാലക്കാട് ജില്ല കോവിഡ് മുക്തമായതിന് പിന്നാലെ വീണ്ടും ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മെയ് ആറിന് ചെന്നൈയിൽ നിന്ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ദിവസേന ആയിരക്കണക്കിന് പേർ വാളയാർ അതിർത്തി കടന്നെത്തുന്നതിനാൽ ജില്ല അതീവ ജാഗ്രതയിലാണ്.

പാലക്കാട് ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ട് മണിക്കൂറുകൾ കഴിയും മുമ്പ് മറ്റൊരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ച ശ്രീകൃഷ്ണപുരം സ്വദേശിക്ക് 50 വയസ് പ്രായമുണ്ട്. ചെന്നൈയിൽ ചായക്കട നടത്തുന്ന ഇദ്ദേഹം 9 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് വാളയാർ അതിർത്തി കടന്ന് ജില്ലയിലെത്തിയത്.

മെയ് ആറിന് രാവിലെ ഒമ്പതിന് വാളയാറിലെത്തിയ സംഘം ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി 10 മണിക്കാണ് നാട്ടിലേക്ക് മടങ്ങിയത്. അന്ന് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. രോഗലക്ഷങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയുമായിരുന്നു. നാട്ടിലേക്ക് യാത്ര പാസ് മുഖേനയാണ് ഇയാൾ എത്തിയത്. വാഹനത്തിൽ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റ് എട്ട് പേരേയും നിരീക്ഷിച്ച് വരികയാണ്. ഇവരുടെ സ്രവ പരിശോധന ഉടൻ നടത്തും.

ജില്ലയിൽ ഇതുവരെ 9 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8 പേരുടെയും രോഗം ഭേദമായി. നിലവിൽ 5169 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതിൽ 68 പ്രവാസികളും ഉൾപ്പെടും. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ ആയിരക്കണക്കിന് മലയാളികൾ ദിവസേന വാളയാർ അതിർത്തിയിലെത്തുന്നു. ഇത് കൂടാതെ 1500 ചരക്ക് വാഹനങ്ങളിലായി 3000ത്തോളം പേർ വാളയാർ കടന്ന് ജില്ലയിലെത്തുന്നു. റെഡ് സോണിൽ നിന്നടക്കം ആളുകളെത്തുന്നതിനാൽ വരും ദിവസങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ചെക്ക് പോസ്റ്റുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സ്രവവും പരിശോധിക്കുന്നുണ്ട്.