LiveTV

Live

Kerala

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കോവിഡ്, 32 പേര്‍ ചികിത്സയില്‍

കൊറോണ വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. തുടർന്നുള്ള രോഗവ്യാപനം തടയാനാണ് സംസ്ഥാനം പിന്നീടു ശ്രമിച്ചത്. നമുക്കതിന് കഴിഞ്ഞു.

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കോവിഡ്, 32 പേര്‍ ചികിത്സയില്‍

കേരളത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിലാകെ 32 പേർ കോവിഡ്–19 രോഗത്തിന്റെ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിങ്കളാഴ്ച 27 പേരാണ് ചികിത്സയിലുണ്ടായിരുന്നത്.

നിലവിലെ 32 രോഗബാധിതരില്‍ 23 പേര്‍ക്ക് വൈറസ് ബാധിച്ചത് കേരളത്തിനു പുറത്തുനിന്നാണ്. ചെന്നൈയില്‍നിന്ന് വന്ന ആറുപേര്‍, മഹാരാഷ്ട്രയില്‍നിന്ന് വന്ന നാലുപേര്‍, നിസാമുദ്ദീനില്‍നിന്ന് വന്ന രണ്ടുപേര്‍, വിദേശത്തുനിന്ന് വന്ന 11 പേര്‍ എന്നിങ്ങനെയാണിത്. സമ്പർക്കത്തിലൂടെ 9 പേർക്കും രോഗം ബാധിച്ചു. ഇതിൽ 6 പേർ വയനാട്ടിലാണ്. ചെന്നൈയിൽനിന്ന് വന്ന ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേർ, സഹ ഡ്രൈവറുടെ മകൻ‌, സമ്പർ‌ക്കത്തിൽവന്ന മറ്റ് 2 പേർ എന്നിവർക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പർക്കത്തിൽ രോഗബാധയുണ്ടായ മൂന്നു പേരും ഗൾഫിൽനിന്ന് വന്നവരുടെ ഉറ്റവരാണ്.

ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേര്‍ നിലവില്‍ ചികിത്സയിലാണ്. 31,616 പേരാണ് നിരീക്ഷണത്തിലുള്ളത്. 31,143 പേര്‍ വീടുകളിലും 473 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

വയനാടിനു പുറത്ത് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ മൂന്നുപേര്‍ ഗള്‍ഫില്‍നിന്ന് വന്നവരുടെ ബന്ധുക്കളാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പതീതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ട് ഒരാളില്‍നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരില്‍ ഒരാളില്‍നിന്ന് ഒമ്പതുപേര്‍ക്കും വയനാട്ടില്‍ ആറുപേര്‍ക്കുമാണ് രോഗം പടര്‍ന്നത്. സംസ്ഥാനത്ത് ഇതുവരെ 70% പേര്‍ക്ക് പുറത്തുനിന്നും 30% പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

കൊറോണ വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. തുടർന്നുള്ള രോഗവ്യാപനം തടയാനാണ് സംസ്ഥാനം പിന്നീടു ശ്രമിച്ചത്. നമുക്കതിന് കഴിഞ്ഞു. ഇപ്പോൾ കോവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്കാണു കടക്കുന്നത്. പ്രവാസികളായ സഹോദരങ്ങൾ തിരിച്ചെത്തിത്തുടങ്ങി. ഈ ആഴ്ച മുതൽ കൂടുതൽ പേർ എത്തും. രോഗബാധിത മേഖലകളിൽനിന്ന് വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുക, സമൂഹവ്യാപനം തടയുക ഇതൊക്കെയാണു മുന്നിലുള്ള ലക്ഷ്യങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കൽപാതീതമാണ്. കാസർകോട് ഒരാളിൽനിന്ന് 22 പേർക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരിൽ 9 പേർക്കും. വയനാട്ടിലെ നിലയെടുത്താവ്‍‌ ആറ് പേർക്ക്. ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് – കാര്യങ്ങൾ എളുപ്പമല്ലെന്നാണ്. നിയന്ത്രണം പാളിയാൽ പ്രതീക്ഷിക്കാത്ത രീതിയിലുള്ള വിപത്ത് നേരിടേണ്ടിവരും. അതുകൊണ്ടാണ് ഇതിങ്ങനെ ആവർത്തിച്ച് പറയുന്നത്. ഇതുവരെ രോഗബാധ വേഗത്തിൽ കണ്ടെത്താനും സരുക്ഷ ഒരുക്കാനും കഴിഞ്ഞു. കൂടുതൽ ആളുകൾ‌ സംസ്ഥാനത്തേക്ക് എത്തുകയാണ്. അവർക്കും സുരക്ഷ ഒരുക്കാൻ കഴിയണം. ഇതു വെല്ലുവിളിയാണ്.

ഹോം ക്വാറന്‍റൈന്‍

അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നുണ്ട്. അത് ഫലത്തില്‍ റൂം ക്വാറന്റൈനായി മാറണം. മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് കേള്‍ക്കാന്‍ എല്ലാവരും തയ്യാറാകണം. ഇവരുമായി ഒരു തരത്തിലും ബന്ധമുണ്ടാകരുത്., ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. കഴിഞ്ഞ ഘട്ടത്തില്‍ ഉണ്ടായപോലെ സൂക്ഷമായി പ്രവര്‍ത്തിക്കണമെന്നും പിണറായി പറഞ്ഞു. ഹോം ക്വാറന്റൈന്‍ ലംഘിക്കുന്നവരെ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലേക്ക് മാറ്റുമെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.

ഇതുവരെ ലഭിച്ചതുപോലെ എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടാകണം. രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ കർ‌ശനമായി തുടരണം,. സംസ്ഥാനത്ത് എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ നിർബന്ധമായും ശേഖരിക്കണം എന്ന തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റജിസ്ട്രേഷനും പാസും നിർബന്ധമാക്കിയത്. ഓരോരുത്തരുടെയും സുരക്ഷ നാടിന്റെ സുരക്ഷയാണെന്ന് എല്ലാവരും ഓർക്കണം. അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ഹോം ക്വാറന്റീൻ നിർദേശിക്കുന്നുണ്ട്. ഇത് റൂം ക്വാറന്റീൻ ആയി മാറണം, വീട്ടിൽ മറ്റുള്ളവരുമായി ഇടപെടരുത്.

കഴിഞ്ഞ ഘട്ടത്തിൽ എങ്ങനെയാണോ പ്രവർത്തിച്ചത് അതേ സൂക്ഷ്മതയോടെ തന്നെ ഇനിയുള്ള ദിവസങ്ങളിലും പ്രവർത്തിക്കണം. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അവരുമായി സഹകരിക്കണം. ക്വാറന്റീനിൽ കഴിയുന്നവർ വീട്ടിൽതന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തൽ പൊലീസിന്റെ കൂടി ബാധ്യതയാണ്. അക്കാര്യത്തിൽ പൂർണമായി എല്ലാവരും സഹകരിക്കണം. സംസ്ഥാനത്തെ ജനജീവിതം സാധാരണ രീതിയിലേക്കു മാറുന്നുണ്ട്. പക്ഷേ നാം പൂർണമായും സുരക്ഷിതരായി എന്ന ബോധ്യത്തോടെ മുൻപത്തേതുപോലെ ആരും പെരുമാറരുത്.

രാജ്യാന്തര നഴ്സസ് ദിനം

ഇന്ന് രാജ്യാന്തര നഴ്സസ് ദിനമാണ്. അവരുടെ സംഭാവനകളെ ആദരിക്കാനാണ് ഈ ദിനം. കേരളത്തിലെ നഴ്സുമാരുടെ മാതൃകാപരമായ സേവനങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. സേവനത്തിന്റെ ഭാഗമായി സ്വന്തം ജീവൻ വരെ അര്‍പ്പിച്ച ലിനിയുടെ ഓർമ നമ്മുടെയെല്ലാവരുടെയും മനസ്സിലുണ്ട്്. വയോധികരെ ശുശ്രൂഷിച്ച് കോവിഡ് ബാധിച്ച രേഷ്മയും കോവിഡിനെ അതിജീവിച്ച് പിന്നീട് വീണ്ടും കോവിഡ് രോഗികളെ ചികിത്സിക്കാൻ ഡ്യൂട്ടിക്കെത്തിയ നഴ്സുമാരും ഈ നാടിന്റെ അഭിമാനമാണ്.

നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലെത്തിക്കുന്നതിൽ നഴ്സുമാർ സ്തുത്യർഹമായ പങ്കാണ് വഹിക്കുന്നത്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീർത്തിയുടെ വലിയൊരു പങ്കും അവർക്കും അവകാശപ്പെട്ടതാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ‌ സർക്കാർ വലിയ നിഷ്കർഷ പുലർത്തുന്നു. ഈ മഹാമാരിയെ ചെറുക്കുന്നതിൽ ലോകരാജ്യങ്ങളെ സഹായിക്കുന്നത് മലയാളി നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ്. അതിൽ നമുക്ക് അഭിമാനമുണ്ട്.

ഇതുവരെ ഇതരസംസ്ഥാനങ്ങളിൽനിന്ന് റോഡ് വഴി 33,000ൽ അധികം പേർ നാട്ടിലെത്തി. ഇതിൽ 19,000 പേർ റെഡ് സോണ്‍ ജില്ലകളിലുള്ളവരാണ്, പാസിനായി അപേക്ഷിച്ച 1,33,000 പേർ ഉണ്ട്. അതിൽ 72,800 പേർ റെഡ് സോണ്‍ ജില്ലകളിൽനിന്നാണ്. 89,950 പാസുകളാണ് ഇതുവരെ നൽകിയത്. അതിൽ 45,157 പേർ റെഡ് സോണ്‍ ജില്ലകളിൽനിന്നാണ്. മേയ് 7 മുതൽ വിദേശത്തുനിന്നെത്തിയ 7 പേർക്കു രോഗം വന്നതുകൊണ്ടു തന്നെ ആ വിമാനങ്ങളിൽ യാത്ര ചെയ്ത മുഴുവൻ പേരെയും പ്രത്യേക നിരീക്ഷണത്തിലാക്കി. അവരുടെ കാര്യത്തിൽ വലിയ ജാഗ്രത പുലർത്തുന്നുണ്ട്. വാർഡ് തല സമിതികൾ സ്തുത്യർഹമായ സേവനം തുടർന്നും നടത്തണം. ക്വാറന്റീനിൽ കഴിയുന്നവരുടെ കാര്യത്തിൽ പൊലീസിന്റെ ശ്രദ്ധയും വേണം. വിമാനത്താവളത്തിലോ റെയിൽവേ സ്റ്റേഷനിലോ റോഡ് വഴിയോ എത്തുന്നവർ വീടുകളിലും സർക്കാർ ക്വാറന്റീനിലും എത്തിയെന്നു പൊലീസ് ഉറപ്പുവരുത്തണം. അപ്പോൾ ഒരാൾ കടന്നുവരുന്ന പോയിന്റ് മുതൽ ക്വാറന്റീനിൽ എത്തുന്നതുവരെയുള്ള കാര്യങ്ങൾ ഉറപ്പാക്കാൻ പൊലീസിനു ബാധ്യതയുണ്ട്.

സ്പെഷൽ ട്രെയിനിൽ എത്തുന്നവരെ സുരക്ഷാ പരിശോധനയുടെ ചുമതല ഡിഐജി എ. അക്ബറിനാണ്. എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. കോവിഡ് ജാഗ്രതാ പോർട്ടലിൽനിന്നു പാസ് വാങ്ങണമെന്ന് നിർദേശിച്ചിട്ടുണ്ട്. പാസിന് അപേപക്ഷിക്കാത്തവർ ടിക്കറ്റ് എടുത്താൽ പുതുതായി അപേക്ഷിക്കാൻ സാധിക്കും. ഇവിടെയെത്തിയാൽ വൈദ്യ പരിശോധനയ്ക്കുശേഷം ലക്ഷണങ്ങളില്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീനിൽ പ്രവേശിക്കണം. പാലിക്കാത്ത നില വന്നാൽ ഇൻസറ്റിറ്റ്യൂഷനൽ ക്വാറന്റീനിലേക്കു മാറ്റും. റെയിൽവേ സ്റ്റേഷനിൽനിന്നു വീടുകളിലേക്കു യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ‌ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും.