LiveTV

Live

Kerala

ലോക്ഡൗണ്‍ കാലത്തും മൂന്നാറിൽ കയ്യേറ്റ ഭൂമിയിൽ നിർമാണ പ്രവർത്തനം

റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായെന്ന് മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ട്.

ലോക്ഡൗണ്‍ കാലത്തും മൂന്നാറിൽ കയ്യേറ്റ ഭൂമിയിൽ നിർമാണ പ്രവർത്തനം

ലോക് ഡൌൺ കാലത്തും മൂന്നാറിൽ കയ്യേറ്റ ഭൂമിയിൽ നിർമാണ പ്രവർത്തനം. ഇതിനായി റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടായെന്ന് മൂന്നാർ സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ട്. കയ്യേറ്റം നടത്തിയ മുൻ സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും സർക്കാർ ഭൂമി തിരിച്ചു പിടിക്കണമെന്നും കാട്ടി സ്പെഷ്യൽ തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു.

ആരോഗ്യ വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായ ടി മണിയാണ് ഭൂമി കൈയ്യേറിയത് എന്ന് റിപ്പോർട്ടിൽ പറയുന്നു. കൈയ്യേറ്റ ഭൂമിക്ക് കെഡിഎച്ച് ഡപ്യൂട്ടി തഹസിൽദാർ അനധികൃതമായി കൈവശാവകാശ രേഖ നൽകി. ലോക് ഡൌൺ കാലത്തും ഇവിടെ അനധികൃത നിർമാണം നടന്നതായി സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ടിൽ പറയുന്നു.

മുമ്പ് ഈ ഭൂമി കൈയ്യേറി നിർമ്മാണ പ്രവർത്തന ശ്രമം തടഞ്ഞ ദേവികുളം മുൻസബ് കളക്ടറെ മണിയും സംഘവും കൈയ്യേറ്റം ചെയ്തിരുന്നു. ആരോഗ്യ വകുപ്പിൽ നിന്ന് രണ്ട് വർഷം മുമ്പ് വിരമിച്ച മണി ഇപ്പോഴും സർക്കാർ ക്വാർട്ടേഴ്സിലാണ് കഴിയുന്നത്. ഇതിനോട് ചേർന്നുള്ള ഭൂമി കൈയ്യേറിയ മണിക്ക് കൈവശാവകാശ രേഖ കെഡിഎച്ച് ഡെപ്യൂട്ടി തഹസിൽദാർ നിയമ വിരുദ്ധമായി നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കൈവശാവകാശ രേഖയുടെ ബലത്തിൽ ഇയാൾ കൈയ്യേറ്റ ഭൂമിയിൽ കെട്ടിടം നിർമ്മിച്ചു. ലൈഫ് മിഷൻ പദ്ധതിയിലൂടെയാണ് വീട് നിർമ്മിച്ചതെന്നാണ് മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ വാദം. സർക്കാർ ഭൂമി കയ്യേറാൻ ഒത്താശ ചെയ്ത റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സ്പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.