LiveTV

Live

Kerala

ബിരിയാണിപ്പാടത്തെ വിളവ് ദുരിതാശ്വാസ നിധിയിലേക്ക്

വയനാട്ടിലെ പാരമ്പര്യ കർഷകരിൽ നിന്നാണ് ബിരിയാണി അരിക്കുള്ള 'ഗന്ധകശാല' ഇനത്തിൽപ്പെട്ട മേത്തരം വിത്ത് ശേഖരിച്ചത്

ബിരിയാണിപ്പാടത്തെ വിളവ് ദുരിതാശ്വാസ നിധിയിലേക്ക്

സെന്റോഫ് 'പൊളി'യാക്കാൻ പാടത്തിറങ്ങി ബിരിയാണി അരി വിളയിച്ചെടുത്ത വിദ്യാർത്ഥിക്കൂട്ടം അതേ പാടത്ത് ഒരേ സമയം ഇന്നിന്റെ ദുരിതത്തിനും നാളെയുടെ ക്ഷാമത്തിനും കരുതലിന്റെ പുതിയ പാഠം പകർന്ന് നൽകുകയാണ്.

അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ എസ് എസ്(നാഷണൽ സർവീസ് സ്‌കീം) വിദ്യാർത്ഥികളാണ് വെള്ളേരി ചാലിപ്പാടത്ത് ഒരേക്കറോളം വരുന്ന നെൽപാടത്ത് നിന്നുള്ള ഈ വർഷത്തെ വിളവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ച് കരുതലിന് പുതിയ മാനം നൽകിയത് .അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി മൂലം ബിരിയാണി വിളമ്പി എസ്.എസ്.എല്‍.സി, +2 സെന്റോഫ് നടത്താമെന്ന മോഹങ്ങളെല്ലാം പൊലിഞ്ഞപ്പോൾ പക്ഷെ, കീഴടങ്ങാൻ അവർ തയ്യാറാല്ലായിരുന്നു.കോവിഡ് മഹാമാരിക്ക് ശേഷം വരാനിരിക്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ ദൗർലഭ്യം മുൻകൂട്ടിക്കണ്ട് വിളവ് പൂർണമായും വിത്താക്കി ആവശ്യക്കാർക്ക് നൽകിയാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തുകയായ 31430 രൂപ സമാഹരിച്ചത്. തങ്ങൾക്ക് അടുത്ത വർഷം കൃഷി ചെയ്യാനുള്ള വിത്ത് മാറ്റിവെച്ചു ബാക്കി വന്ന നാലു ക്വിന്റലോളം നെല്‍ വിത്ത്കളാണ് സമീപ പ്രദേശത്തെ കർഷകർക്ക് കൃഷിക്കായി നൽകിയത്. വയനാട്ടിലെ പാരമ്പര്യ കർഷകരിൽ നിന്നാണ് ബിരിയാണി അരിക്കുള്ള 'ഗന്ധകശാല' ഇനത്തിൽപ്പെട്ട മേത്തരം വിത്ത് ശേഖരിച്ചത്. യുവകർഷകൻ നൗഷർ കല്ലടയുടെ വയലിലാണ് കുട്ടികൾ കഴിഞ്ഞ അഞ്ചു വർഷമായി കൃഷിയിറക്കുന്നത്. നിർദേശങ്ങളുമായി നൗഷർ എപ്പോഴും കുട്ടികൾക്കൊപ്പമുണ്ടാകും. JRC, സ്കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികളും പാടത്തിറങ്ങി.

കെങ്കേമമായി ഞാറു നടീലും അതിലും ഗംഭീരമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കൊയ്തുത്സവവും ബിരിയാണിപ്പാടത്ത് അരങ്ങേറി. മാർച് അവസാനം പരീക്ഷ കഴിഞ്ഞു ബിരിയാണി വിളമ്പി പിരിയാനായിരുന്നു പ്ലാൻ. എല്ലാവരും ചർച്ച നടത്തിയാണ് നെൽവിത്തുകൾ ആവശ്യക്കാർക്ക് നൽകിയതും ലഭിച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചതും. ബഹു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വശം തന്നെ തുക കൈമാറിയപ്പോൾ വിദ്യാർഥികളുടെ മുഖത്തു ബിരിയാണി വെച്ചു വിളമ്പിയത്തിന്റെ ഇരട്ടി സന്തോഷം. അത് NSS വളണ്ടിയർ ലീഡർ മുഹമ്മദ് അനസിന്റെ വാക്കുകളിൽ നിഴലിക്കുകയും ചെയ്തു.'ഇപ്രാവശ്യത്തെ വിളവ് വേറിട്ട ഒരു പ്രവർത്തനം നടത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ. പക്ഷെ,അതിനേക്കാൾ എത്രയോ മഹത്തരമായ ഉദ്യമത്തിലേക്ക് അത് നൽകാൻ കഴിഞ്ഞപ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ല.....ഒപ്പം ഞങ്ങളുടെ നെൽവിത്തുകൾ സമീപപ്രദേശങ്ങളിലൊക്കെ ക്ഷാമകാലം സമൃദ്ധമാക്കും..'

പ്രിൻസിപ്പൾ കെ ടി മുനീബ് റഹ്മാൻ, ഹെഡ് മാസ്റ്റർ സി പി അബ്ദുൽ കരീം എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹ്‌സിൻ ചോലയിൽ എന്നിവർ കുട്ടികളെ അനുഗമിച്ചു.