രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്; കേന്ദ്രം പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണമെന്ന് ബാങ്ക് യൂണിയനുകള്‍

കോവിഡുമായി ബന്ധപ്പെട്ട് സാമ്പത്തിക മേഖലയില്‍ പ്രത്യേക പ്രവര്‍ത്തന പദ്ധതിയില്ലാതെ രാജ്യം മുന്നോട്ട് പോയാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ യൂണിയനുകള്‍. ബാങ്കുകളെ ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ്സ് ബാങ്ക്സ് സ്റ്റാഫ് യൂണിയന് രംഗത്തെത്തി. വായ്പാനിക്ഷേപ അനുപാതം ഉയര്‍ത്തി സാധാരണക്കാര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കിയില്ലെങ്കില്‍ വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.
കോവിഡ് 19 പശ്ചാത്തലത്തില്‍ നിലവിലെ രീതിയില്‍ രാജ്യം മുന്നോട്ട് പോയാല്‍ സാമ്പത്തിക രംഗം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നത്.പ്രവാസികളുടെ തിരിച്ചുവരവും ഗള്‍ഫിലെ പ്രതിസന്ധിയും കേരളത്തിന്റെയടക്കം സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. സംസ്ഥാനത്ത് 5,25,000 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഇതില്‍ മൂന്നര ലക്ഷം കോടി രൂപയോളമേ വായ്പ അനുവദിച്ചിട്ടുള്ളൂ. വായ്പ അനുവദിക്കുന്ന നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് യൂണിയനുകള്‍ മുന്നോട്ട് വെക്കുന്നത്.
കൃഷി, ചെറുകിട സംരഭങ്ങള്‍ തുടങ്ങിയവക്ക് കൂടുതല്‍ വായ്പ അനുവദിക്കണം. വന്‍കിട വായ്പകളേക്കാള്‍ ചെറുകിട വായ്പകള്‍ക്ക് പ്രാമുഖ്യം കൊടുക്കണം. ഉല്പാദന, സംഭരണ മേഖലക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പരിഗണന നല്‍കണം. പരീക്ഷിച്ചു പരാജയപ്പെട്ട സർവീസ് പോയിന്റ് , ബിസിനസ് കറസ്പോണ്ടന്റ് സംവിധാനങ്ങള്‍ ഒഴിവാക്കി ഉപഭോക്താവിന് സേവനങ്ങള്‍ ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നും ആവശ്യമുണ്ട്. സംസ്ഥാന തല ബാങ്കേഴ്സ് സമിതികള്‍ സാമ്പത്തിക മാന്ദ്യം മറികടക്കാനായി പ്രത്യേക പദ്ധതികളെ കുറിച്ച് ആലോചിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നു.