LiveTV

Live

Kerala

ഇതരസംസ്ഥാന മലയാളികളെ തിരിച്ചെത്തിക്കണമെന്നാവശ്യം; മുസ്‌ലിം ലീഗ് പ്രതിഷേധം

എം.എല്‍.എമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതിര്‍ത്തികളില്‍ കുടുങ്ങിയവരെ ഉടന്‍ സംസ്ഥാനത്തെിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു

ഇതരസംസ്ഥാന മലയാളികളെ തിരിച്ചെത്തിക്കണമെന്നാവശ്യം; മുസ്‌ലിം  ലീഗ് പ്രതിഷേധം

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തിരിച്ചെത്താന്‍ സൌകര്യമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് മലബാറില്‍ പ്രതിഷേധം സംഘടിപ്പിച്ചു. എം.എല്‍.എമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതിര്‍ത്തികളില്‍ കുടുങ്ങിയവരെ ഉടന്‍ സംസ്ഥാനത്തെിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്‍റെ നേതൃത്വത്തിലായിരുന്നു കോഴിക്കോട് കലക്ട്രേറ്റിനു മുന്നിലെ പ്രതിഷേധ ധര്‍ണ.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫോണിലൂടെ ഉദ്ഘാടനം ചെയ്തു. കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ മണ്ണിട്ടടച്ചതു പോലുള്ള ജനവിരുദ്ധ നടപടികളാണ് സംസ്ഥാന സര്‍ക്കാരും ചെയ്യുന്നതെന്ന് എം.കെ മുനീര്‍ പറഞ്ഞു. എം എല്‍ എമാരായ പാറക്കല്‍ അബ്ദുള്ള ,ടി വി ഇബ്രാഹിം,അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു. എം.കെ രാഘവന്‍ എം.പി, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് തുടങ്ങിയവര്‍ ഐക്യദാര്‍ഡ്യവുമായി എത്തിയിരുന്നു.

മലപ്പുറം കലക്ട്രേറ്റില്‍ നടന്ന ധര്‍ണ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. അതിര്‍ത്തികളില്‍ സ്ഥിതി ദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കെ.എം ഷാജി എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.വി അബ്ദുല്‍ ഖാദര്‍ മൌലവി ഉദ്ഘാടനം ചെയ്തു. വയനാട് കലക്ട്രേറ്റിനു മുന്നില്‍ സി. മമ്മൂട്ടി എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. പി.വി അബ്ദുല്‍ വഹാബ് എം.പി ഫോണിലൂടെ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് തലപ്പാടി അതിര്‍ത്തിയിലായിരുന്നു പ്രതിഷേധം. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനംചെയ്തു.