LiveTV

Live

Kerala

പ്ലസ്ടു മൂല്യ നിർണയ ക്യാമ്പുകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം നിർത്തിവെക്കണമെന്ന് എം.കെ മുനീർ

പ്ലസ്ടു മൂല്യ നിർണയ ക്യാമ്പുകൾ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം നിർത്തിവെക്കണമെന്ന് എം.കെ മുനീർ

ലോക്ക് ഡൗൺ കാലത്ത് പ്ലസ്ടു മൂല്യ നിർണയ ക്യാമ്പുകൾ ആരംഭിക്കുവാനുള്ള സർക്കാർ തീരുമാനം നിർത്തിവെക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. 17വരെ ഇന്ത്യയൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുഗതാഗത സംവിധാനം ഇല്ലാത്ത ഘട്ടത്തിൽ മൂല്യ നിർണ്ണയ ക്യാമ്പുകൾ മെയ്‌ 13 മുതൽ ആരംഭിക്കുവാനുള്ള നടപടി ശരിയല്ലെന്നും എം.കെ മുനീര്‍ പറഞ്ഞു.

യു.ജി.സി യും സി.ബി.എസ്.ഇയും അടക്കം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളെല്ലാം അടുത്ത അക്കാദമിക് വർഷം സെപ്റ്റംബർ മാസത്തോടുകൂടി ആരംഭിക്കാൻ കഴിയൂ എന്ന നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളപ്പോഴാണ് കേരള സർക്കാർ ഒരു വിഭാഗം അധ്യാപകരോട് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നതെന്ന് മുനീർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് നിലവിൽ 92 ഹയർ സെക്കൻഡറി മൂല്യ നിർണയ ക്യാമ്പുകൾ ആണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ ക്യാമ്പിലും വ്യത്യസ്ത വിഷയങ്ങളിലായി 300 മുതൽ 500 വരെ അധ്യാപകരാണ് മൂല്യനിർണയത്തിന് എത്തിച്ചേരേണ്ടത്. കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് മൂല്യനിർണയം സാധ്യമല്ലാത്ത സാഹചര്യത്തിൽ സർക്കാർ തീരുമാനം പിൻവലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സി.ബി.എസ്.ഇ പോലും കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകൾ ഒഴിവാക്കി ഉത്തരക്കടലാസുകൾ അധ്യാപകർക്ക് വീടുകളിൽ മൂല്യനിർണയത്തിന് എത്തിച്ചു കൊടുക്കുമ്പോൾ സംസ്ഥാന സർക്കാർ നടപടി തികച്ചും വിചിത്രമാണ്. പൊതു പരീക്ഷാ നടത്തിപ്പ് വേളയിൽ തന്നെ കാഞ്ഞങ്ങാട് ഒരു ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിക്ക് കൊറോണ ബാധിച്ചതിനെ രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും ഏറെ ആശങ്കയോടെയാണ് നേരിട്ടത്. അതുകൊണ്ട് തന്നെ പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമായതിനുശേഷം മാത്രമേ ആരംഭിക്കാവൂ എന്ന് എം കെ മുനീർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.