LiveTV

Live

Kerala

പാളയില്‍ നിന്നൊരു മാസ്ക് നിര്‍മ്മാണം

കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് മഴൂരിലെ ബാലകൃഷ്ണന്‍ എന്ന കര്‍ഷകനും കോവിഡ് കാലത്ത് സ്വന്തമായി ഒരു മാസ്ക്കുണ്ടാക്കി, കവുങ്ങിന്‍റെ പാള ഉപയോഗിച്ചാണ് ബാലകൃഷ്ണന്‍ മാസ്ക് നിര്‍മാണം

പാളയില്‍ നിന്നൊരു മാസ്ക് നിര്‍മ്മാണം

കൊറോണക്കാലത്ത് മാസ്കാണ് താരം. പല നിറത്തിലും രൂപത്തിലുമുളള വൈവിധ്യമാര്‍ന്ന മാസ്ക്കുകളാണ് ദിനം പ്രതി വിപണിയിലെത്തുന്നത്. കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് മഴൂരിലെ ബാലകൃഷ്ണന്‍ എന്ന കര്‍ഷകനും ഈ കാലത്ത് സ്വന്തമായി ഒരു മാസ്ക്കുണ്ടാക്കി. കവുങ്ങിന്‍റെ പാള ഉപയോഗിച്ചാണ് ബാലകൃഷ്ണന്‍ മാസ്ക് നിര്‍മാണം. ദാ ഇത്ര സമയം മതി ബാലകൃഷ്ണേട്ടന് ഒരു മാസ്ക്കുണ്ടാക്കാന്‍. സ്വന്തം പുരയിടത്തില്‍ കവുങ്ങും പാളയും ഇഷ്ടം പോലെയുണ്ട്. പശുവിനെ പോറ്റുന്ന ഇടവേളയിലാണ് സ്വന്തം ആവശ്യത്തിനുളള മാസ്ക്ക് നിര്‍മ്മാണം തുടങ്ങിയാലോ എന്ന ആലോചന ബാലകൃഷ്ണേട്ടന്‍റെ തലയിലുദിച്ചത്.

സാധാരണ മാസ്ക്കുകള്‍ ആറ് മണിക്കൂറാണ് ഉപയോഗിക്കുന്നതെങ്കില്‍ ബാലകൃഷ്ണേട്ടന്‍റെ മാസ്ക്ക് രണ്ട് ദിവസം വരെ ഉപയോഗിക്കാം. മാത്രവുമല്ല, യാതൊരു പരിസ്ഥിതി പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാവുകയുമില്ല. പാള മാസ്ക്കിനായി പലരും ഇദ്ദേഹത്തെ സമീപിച്ചെങ്കിലും പക്ഷെ, കൊടുത്തില്ല. കാരണം ശാസ്ത്രീയമായി ഇത് എത്രത്തോളം ഫലപ്രധമാണന്ന കാര്യത്തില്‍ ബാലകൃഷ്ണേട്ടനും ചെറിയ സംശയമുണ്ട്. അഥവാ അധികൃതരാരെങ്കിലും ചോദ്യവുമായി വന്നാല്‍ കൃത്യമായ ഉത്തരവും ഇദ്ദേഹം കരുതി വെച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടിലധികമായി ഒപ്പമുളള പാളത്തൊപ്പിക്ക് കൂട്ടായിട്ട് കൂടിയാണ് ഈ പാളമാസ്ക്കെന്നും ബാലകൃഷ്ണേട്ടന്‍ പറയുന്നു.