LiveTV

Live

Kerala

മഹാരാഷ്ട്രയിലെ ഹോട്സ്പോട്ടില്‍ നിന്നും അനുമതിയില്ലാതെ കോഴിക്കോടെത്തിയ ആള്‍ പിടിയില്‍

മഹാരാഷ്ട്ര സ്വദേശിയോടിച്ച ഇന്നോവയിലാണ് ഇയാളെത്തിയത്.

മഹാരാഷ്ട്രയിലെ ഹോട്സ്പോട്ടില്‍ നിന്നും അനുമതിയില്ലാതെ കോഴിക്കോടെത്തിയ ആള്‍ പിടിയില്‍

മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നെത്തിയ കോഴിക്കോട് ചക്കുംകടവ് സ്വദേശിയെ പോലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശി ഓടിച്ച ഇന്നോവ കാറിലാണ് ഇയാള്‍ കോഴിക്കോടെത്തിയത്. ഹോട്സ്പോട്ട് മേഖലയില്‍ നിന്നെത്തിയതിനാല്‍ ഇയാളെ കോഴിക്കോട് കോര്‍പറേഷന്‍ അധികൃതര്‍ കോവിഡ് കെയര്‍ സെന്‍ററില്‍ നിരീക്ഷണത്തിലാക്കി. പാസില്ലാതെ ഇവര്‍ക്ക് കോഴിക്കോട് നഗരത്തിലെത്താനായത് പൊലീസിന്‍റെ വീഴ്ച മൂലമാണെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. മീഡിയാവണ്‍ എക്സ്ക്ലൂസീവ്.

കോഴിക്കോട് നഗരത്തില്‍ വാഹന പരിശോധനക്കിടയിലാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഇന്നോവ പോലീസിന്‍റെ ശ്രദ്ധയില്‍‌ പെട്ടത്. വാഹനം പിടികൂടിയ പോലീസ് കോര്‍പറേഷന്‍ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി വിവരം ആരാഞ്ഞപ്പോഴാണ് മഹാരാഷ്ട്രയിലെ കോവിഡ് ഹോട്സ്പോട്ടായ കോലാപൂരില്‍ നിന്നാണ് ഇവരെത്തിയതെന്ന് മനസിലായത്. മഹാരാഷ്ട്ര സ്വദേശിയോടിച്ചിരുന്ന വാഹനത്തില്‍ ചക്കുംകടവ് സ്വദേശിയായ യുവാവാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തുള്ള കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റി.

ഇവര്‍ക്ക് കണ്ണൂര്‍ വരെയെത്താനുള്ള പാസായിരുന്നു ഉണ്ടായിരുന്നത്. ഇത് വെച്ച് കോഴിക്കോട് നഗരത്തിലെത്താന്‍ സാധിച്ചത് പോലീസിന്‍റെ വീഴ്ചയാണെന്നാണ് ആക്ഷേപം. വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് ഓണ്‍ലൈന്‍ പാസെടുത്ത് തിരികെ നാട്ടിലേക്ക് മടങ്ങിപോകാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇയാള്‍ക്കുള്ള ഭക്ഷണമടക്കം കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം മുന്‍കൈയെടുത്ത് എത്തിച്ചു നല്‍കിയിട്ടുണ്ട്.