വാളയാറിൽ ഇന്നലെ രാത്രി വരെ എത്തിയ ആളുകളെ കേരളത്തില്‍ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി
പുറത്ത് നിന്ന് വരുന്നവര്‍ ലോക്ഡൌണ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇപ്പോള്‍ നല്കിയ അനുവാദം ഒരു കീഴ്വഴക്കമായി കാണരുതെന്നും കോടതി വ്യക്തമാക്കി.

വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഇതുവരെ കുടുങ്ങികിടക്കുന്നവരെ കേരളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ഹൈക്കോടതി. ഇന്നലെ രാത്രി വരെ അതിര്‍ത്തിയിലെത്തിയവര്‍ക്ക് പാസ് നല്‍കാനാണ് കോടതി നിര്‍ദേശം.ലോക്ഡൌണ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വാളയാറില്‍ കുടുങ്ങി കിടക്കുന്നവരെ ലോക്ഡൌണ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പാസ് നല്കി ഉടന്‍ കേരളത്തിലെത്തിക്കാനാണ് കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്. ഇതില്‍ ഗര്‍ഭിണികള്‍ , കുട്ടികള്‍ പ്രായമായവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അടിയന്തിര സാഹചര്യങ്ങളിലും പ്രത്യേക പരിഗണന വേണ്ട വിഷയങ്ങളിലും സ്പോട്ട് രജിസ്റ്റേട്രഷന് പരിഗണിക്കണമെന്നുമാണ് കോടതിയുടെ ഉത്തരവ്. ഇതൊരു കീഴ് വഴക്കമായി എടുക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കോടതി വ്യക്തമാക്കി. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്നവര്‍ക്ക് രണ്ടു സംസ്ഥാനങ്ങളിലേയും പാസ് വേണമെന്നും കോടതി നിര്‍ദേശിച്ചു. അതിര്‍ത്തിയില്‍ കുടുങ്ങിയവര്‍ക്ക് വേണ്ട പ്രാഥമിക സൌകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു ലക്ഷത്തോളം പേര് അപേക്ഷ നല്‍കിയതില്‍ 53000 പേര്‍ക്ക് പാസ് അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇന്ന് മുതല്‍ പാസില്ലാതെ വരുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കില്ലെന്നും പാസില്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടാന്‍ സാധ്യമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് കര്‍ശന നിയന്ത്രണങ്ങളെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരല്ലെന്നും പൊതുജനാരോഗ്യം സംരക്ഷിക്കപ്പെടണമെന്നും കോടതിയും ചൂണ്ടികാട്ടി. ഹരജി ചൊവ്വാഴ്ച വീണ്ടും പരഗണിക്കും.