LiveTV

Live

Kerala

ഈ ഐശ്വര്യത്തിനെല്ലാം കാരണം പ്രവാസിയുടെ ജീവിതം; വംശീയാക്രമത്തിനെതിരെ കെ.ഇ.എന്‍

‘മഹാമാരികള്‍ പലതും വന്നും പോയിമിരക്കും, എന്നാല്‍ മനുഷ്യത്വം വരാനല്ലാതെ പോകാന്‍ പാടില്ല’

ഈ ഐശ്വര്യത്തിനെല്ലാം കാരണം പ്രവാസിയുടെ ജീവിതം; വംശീയാക്രമത്തിനെതിരെ കെ.ഇ.എന്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കെതിരെ നടക്കുന്ന വംശീയ ആക്രമണത്തിനെതിരെ കെ.ഇ.എന്‍. ആധുനിക കേരളത്തിന്റെ പിറവിക്ക് മാറ്റി നിര്‍ത്താന്‍ സാധിക്കാത്തതാണ് പ്രവാസിയുടെ ജീവിതമെന്നും, അവര്‍ക്കെതിരെ ചിലര്‍ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത് തള്ളിക്കളയണമെന്നും കെ.ഇ.എന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.

പ്രവാസികള്‍ എറിഞ്ഞുടച്ച ജീവിതത്തില്‍ നിന്നാണ് കേരളം ഉണ്ടാകുന്നത്. പ്രവാസിയുടെ വിശപ്പാണ് കേരളത്തില്‍ വികസനമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ഭീതിക്കിടെ നാട്ടിലെത്തുന്ന പ്രവാസികള്‍ക്കെതിരെ പല പ്രമുഖരുള്‍പ്പടെ സോഷ്യല്‍ മീഡിയയിലും മറ്റും കുപ്രചരണങ്ങളും അധിക്ഷേപങ്ങളും പ്രചരിപ്പിക്കുന്നതിനിടെയാണ് കെ.ഇ.എന്‍ രംഗത്ത് വന്നത്. മഹാമാരികള്‍ പലതും വന്നും പോയിമിരിക്കും, എന്നാല്‍ മനുഷ്യത്വം വരാനല്ലാതെ പോകാന്‍ പാടില്ലെന്നും കെ.ഇ.എന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പുതിയ കേരളമുണ്ടായത് നിരവധി സമരങ്ങളുടെയും ഗൾഫ് പണത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും ഒത്തുചേരലിലാണ്. പഴയ പ്രതിഭകളുടെ ഉണ്ണുനീലി സന്ദേശം മാത്രമല്ല പ്രവാസികളുടെ 'ദുബായ് കത്തുപാട്ടും' കൂടിയതാണ് നമ്മുടെ കേരളം. തേങ്ങാച്ചോറും മാങ്ങാപൂളും ഇഡ്ഡലിയും ഖുബ്ബൂസും കുഴിമന്തിയും അങ്ങുന്നും ഇജ്ജും നാമജപവും മുദ്രാവാക്യവും ചുരുട്ടിയ മുഷ്ടിയും ചവിട്ടു നാടകവും.... എല്ലാമാണ് നമ്മുടെ മലയാളം. തമ്പുരാൻ വിളിക്കും, തമ്പുരാൻ കളിക്കും മുൻപിൽ, തല കുനിക്കുകയില്ല ഒരുനാളും പൊരുതുന്ന കേരളം.
പരശുരാമൻ മഴുവെറിഞ്ഞിട്ടല്ല, പേരറിയുന്നവരും പേരറിയാത്തവരുമായ പതിനായിര കണക്കിന് പ്രവാസികൾ എറിഞ്ഞുടച്ച സ്വന്തം ജീവിതത്തിൽ നിന്നാണ് ആധുനിക കേരളമുണ്ടായത്. കടല്കടന്നുപോയ മലയാളം പലതും കണ്ടും കെട്ടും സഹിച്ചും കൊടുത്തും സ്വപ്നം കണ്ടും തിരിച്ചുവന്നപ്പോഴാണ് നമ്മുടെയെല്ലാവരുടേതുമായ കേരളത്തിൽ പുതിയ കെട്ടിടങ്ങളും വാഹനങ്ങളും വീടുകളും വിദ്യാലയങ്ങളും സ്നേഹവുമുണ്ടായത്. ആഢ്യത്വത്തിന്റെ ആ പഴയ കിരീടവും കസവുമല്ല, പ്രവാസികൾ കേറ്റികുത്തിയ കള്ളിമുണ്ടിൽ നിന്നും അറബി ഖുബ്ബൂസിൽ നിന്നുമാണ്,അനേകരുടെ ചുണ്ടിൽ അത്തർ ചിരി നിറഞ്ഞത്. 'പ്രവാസം' മലയാളിക്കു പ്രധാനമായും ഗൾഫ് പ്രവാസമാണ്. അതിൽ അഭിമാനിക്കാനല്ലാതെ, ലജ്ജിക്കാനായൊന്നുമില്ല.
ഗൾഫ്കാരന്റെ പത്രാസ് പൊങ്ങച്ചം ഹുങ്ക് എന്നിങ്ങനെ മുൻപും പ്രവാസികൾക്കെതിരെ അധ്വാനമഹത്വമറിയാത്ത ഫ്യൂഡൽ തറവാട്ടുകാർ, തെറികൾ പലതും ചൊരിഞ്ഞിട്ടുണ്ട്. മറുനാട്ടിലുമവർ കണ്ണീർ ഏറെ കുടിച്ചിട്ടുണ്ട്. ചോരയെത്രയോ ചൊരിഞ്ഞിട്ടുണ്ട്. എന്നിട്ടും അവർ പതറിയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ?
മഹാമാരികൾ വരും പോകും; എന്നാൽ മനുഷ്യത്വം വരാനല്ലാതെ പോകാൻ പാടില്ല. മഹത്തായ ആ മനുഷ്യത്വം കൂടി കടലെടുത്തു പോയാൽ ....ഇല്ല, അത് സംഭവിക്കുകയില്ല. സംഭവിക്കാൻ സമ്മതിക്കുകയില്ല.