LiveTV

Live

Kerala

ലാലിയുടെ ഹൃദയം പറന്നെത്തി; ലീനയില്‍ മിടിച്ചുതുടങ്ങി

ആദ്യ ഘട്ട ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ലാലിയുടെ ഹൃദയം പറന്നെത്തി; ലീനയില്‍ മിടിച്ചുതുടങ്ങി

മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ലാലി ഗോപകുമാറിന്‍റെ ഹൃദയം ലീനയിൽ മിടിച്ച് തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ആദ്യ ഘട്ട ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

തിരുവനന്തപുരത്ത് നിന്നും സർക്കാർ ഹെലികോപ്റ്ററിൽ ഇന്നലെ വൈകീട്ടോടെയാണ് കൊച്ചിയിലേക്ക് ലാലിയുടെ ഹൃദയം എത്തിച്ചത്. തുടർന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഹൃദയ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. തിരുവനന്തപുരം സ്വദേശിനി ലാലിയുടെ ഹൃദയം ലീനയിൽ 6.12ന് മിടിച്ചു തുടങ്ങി.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സർക്കാർ എൽപി സ്കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന് മസ്തിഷ്ക മരണം സംഭവിച്ചത്. അവയവ ദാനത്തിന് ബന്ധുക്കൾ സമ്മതമറിയിച്ചതോടെ കൊച്ചി ലിസി ആശുപത്രിയിൽ അവയവമാറ്റത്തിന് കാത്തിരിക്കുന്ന കോതമംഗലം സ്വദേശിനിക്ക് ഹൃദയം അനുയോജ്യമെന്ന് കണ്ടെത്തുകയായിരുന്നു. ഹൃദയം കൊച്ചിയിലെ ആശുപത്രിയിൽ എത്തിക്കാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിക്കാൻ മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കുകയും ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് 2.37ന് വേർപെടുത്തിയ ഹൃദയം വൈകിട്ട് 3.57നാണ് ആശുപത്രിയിൽ എത്തിച്ചത്. 4.05ന് ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.