LiveTV

Live

Kerala

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് വൃക്ക രോഗ ചികിത്സക്ക് ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് വൃക്ക രോഗ ചികിത്സക്ക് ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതയില്‍. ദുബൈയില്‍ നിന്നും പ്രത്യേക വിമാനത്തിലെത്തിയ മലപ്പുറം കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39കാരനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ വൃക്ക രോഗത്തെ തുടര്‍ന്ന് തുടര്‍ ചികിത്സക്കായാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദുബൈ അജ്മാനില്‍ സ്വകാര്യ കമ്പനിയില്‍ പിആര്‍ഓ ആയി ജോലി ചെയ്യുന്നതിനിടയിലാണ് മലപ്പുറം ചാപ്പനങ്ങാടി സ്വദേശിക്ക് വൃക്ക സംബന്ധമായ അസുഖത്തിന് തുടര്‍ ചികിത്സ ആവശ്യമായി വന്നത്. ഇതിനെത്തുടര്‍ന്ന് കരിപ്പൂരിലേക്ക് പ്രവാസികളുമായി എത്തിയ വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റില്‍ ഇയാള്‍ ഇടം പിടിച്ചു. ഈ മാസം ഏഴിന് രാത്രി എയര്‍ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂരെത്തിയത്. വിമാനത്താവളത്തിലിറങ്ങി പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം പ്രത്യേക ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് ലക്ഷണമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇയാളുടെ സ്രവ സാമ്പിള്‍ പരിശോധനക്കയച്ചു. ഈ ഫലമാണ് പോസിറ്റീവായത്.

വിമാനത്തില്‍ ഇയാള്‍ക്കൊപ്പമെത്തിയവര്‍ കോവിഡ് കെയര്‍ സെന്‍ററുകളിലും വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇവരുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് ദിവസവും ബന്ധപ്പെടുന്നുണ്ട്. വീടുകളില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ നേരിട്ട് ആശുപത്രിയില്‍ പോവരുതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെന്‍ററില്‍ വിളിച്ച് വിവരം അറിയിക്കുകയാണ് വേണ്ടതെന്ന നിര്‍ദേശമാണ് ഡിഎംഓ നല്‍കിയിരിക്കുന്നത്.