LiveTV

Live

Kerala

ഉദ്ഘാടനത്തെ ചൊല്ലി തമ്മിൽത്തല്ലി യൂത്ത് കോൺഗ്രസ് നേതാക്കൾ

പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റിനെ സഹപ്രവര്‍ത്തകര്‍ മാരകമായി ആക്രമിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചു.

ഉദ്ഘാടനത്തെ ചൊല്ലി തമ്മിൽത്തല്ലി യൂത്ത് കോൺഗ്രസ് നേതാക്കൾ

ഉദ്ഘാടനത്തെ ചൊല്ലി തമ്മിൽത്തല്ലി യൂത്ത് കോൺഗ്രസ് നേതാക്കൾ. പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റിനെ സഹപ്രവര്‍ത്തകര്‍ മാരകമായി ആക്രമിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്.

തിരുവല്ല വൈദ്യുതി ഭവന് മുന്നിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടിയായിരുന്നു വേദി. മുദ്രാവാക്യം വിളികളുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചു. ഇതിനിടെയാണ് ആര് ഉദ്ഘാടനം ചെയ്യുമെന്നതിനെക്കുറിച്ച് തര്‍ക്കം ഉയര്‍ന്നത്. ജില്ലാ വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യണമെന്ന് ഒരു വിഭാഗം ഉന്നയിച്ചപ്പോള്‍ മറുവിഭാഗം പ്രവര്‍ത്തകര്‍ ബ്ലോക്ക് പ്രസിഡന്റിന്റെ പേര് ഉദ്ഘാടനത്തിനായി നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് രൂക്ഷമായ തര്‍ക്കം ഉടലെടുത്തു. ഒടുവിൽ ഉദ്ഘാടകനെ ചൊല്ലി ഇരുവിഭാഗവും ഏറ്റുമുട്ടി. ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെണ്‍പാലയുടെ തലക്ക് പരിക്കേറ്റു. ബ്ലോക്ക് പ്രസിഡന്റ് ജാസ് പോത്തനും ഇയാളുടെ സഹായിയുമായ ഷൈലുവുമാണ് ഇവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് പൊലീസ് എത്തി ഇരുവിഭാഗത്തെയും മടക്കി അയച്ചു.

ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പ്രതിഷേധിക്കാനിറങ്ങി ഒടുവില്‍ തമ്മില്‍തല്ലി നേതാവിന്റെ തലയ്ക്ക് പരിക്കേല്‍പ്പിച്ച സംഭവം സംഘടനയ്ക്കുള്ളില്‍ നാണക്കേടിനും പുതിയ ചര്‍ച്ചകള്‍ക്കും തിരികൊളുത്തി കഴിഞ്ഞു. പരാതി ലഭിച്ചാൽ അന്വേഷിച്ചു നടപടി എടുക്കുമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ വിശദീകരണം.