LiveTV

Live

Kerala

സ്വന്തമായൊരു ശുചിമുറി പോലും ഇല്ല; ദുരിതത്തിലാണീ കുടുംബം

കാറ്റടിച്ചാൽ പോലും തകർന്നു പോകാവുന്ന കൂരയിലാണ് താമസം

സ്വന്തമായൊരു ശുചിമുറി പോലും ഇല്ല; ദുരിതത്തിലാണീ കുടുംബം

സ്വന്തമായൊരു ശുചിമുറി പോലും ഇല്ലാതെ ഈ കുടുംബം ദുരിതത്തിലാണ്. കോഴിക്കോട് അന്നശ്ശേരിയിലെ ശശിധരനും കുടുംബവും പ്രാഥമികാവശ്യങ്ങള്‍ക്കായി മറ്റുവീടുകളെയാണ് ആശ്രയിക്കുന്നത്. നാല് ഷീറ്റുകള്‍ വലിച്ചുകെട്ടിയ കൂരയിലാണ് ശശിധരനും ഭാര്യയും മകളും താമസിക്കുന്നത്. എന്നാല്‍ ഈ കുടുംബം ദാരിദ്ര്യരേഖയ്ക്ക് മുകളിലാണ്.

താമസിച്ചിരുന്ന വീട് കഴിഞ്ഞ മഴക്കാലത്താണ് തകരുന്നത്. ഇതോടെ പഴയവീട് പൊളിച്ച് മാറ്റി ലോണെടുത്ത് പുതിയ വീടുണ്ടാക്കാനുള്ള ശ്രമമായി. നിത്യവരുമാനമില്ലാതായതോടെ വീടിന്‍റെ പണിയും നിലച്ചു. ശുചിമുറി പോലുമില്ലാതെ പ്രാഥമികകൃത്യങ്ങള്‍ക്കായി അടുത്ത വീടുകളെ ആശ്രയിക്കുകയാണിപ്പോള്‍ ഈ കുടുംബം.

സാങ്കേതികത്വം പറഞ്ഞ് ശശിധരനും കുടുംബവും റേഷന്‍ കാര്‍ഡില്‍ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് മുകളിലാണ്. അതിനാല്‍ തന്നെ വീട് വെയ്ക്കാന്‍ പഞ്ചായത്തിന്‍റെ ആനുകൂല്യവുമില്ല.

ഭാര്യ തൈറോയിഡ് രോഗിയുമാണ്. ലോണെടുത്താണ് മകളുടെ വിദ്യാഭ്യാസവും മുന്നോട്ട് നീങ്ങുന്നത്. വീണ്ടുമൊരു മഴക്കാലമെത്തുമ്പോള്‍ ഈ കൂരയില്‍ എങ്ങനെ കഴിയുമെന്നുള്ള ആശങ്കയിലാണ് ശശിധരനും കുടുംബവും.