പ്രവാസികളുടെ മടക്കം; ചരിത്രകാരന് കെ.എന്‍ ഗണേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍
പ്രവാസി മലയാളികളെയും, കാസര്‍കോടുകാരെയും പത്തനംതിട്ടക്കാരെയും അവഹേളിക്കുന്നതാണ് എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് പോസ്റ്റിനെതിരെ ഉയര്‍ന്ന് വന്നിട്ടുള്ളത്

പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും, പ്രമുഖ ഇടതുപക്ഷ ചരിത്രകാരനുമായ കെ എന്‍ ഗണേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. പ്രവാസി മലയാളികളെയും, കാസര്‍കോടുകാരെയും പത്തനംതിട്ടക്കാരെയും അവഹേളിക്കുന്നതാണ് എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് പോസ്റ്റിനെതിരെ ഉയര്‍ന്ന് വന്നിട്ടുള്ളത്. മറ്റൊരു ഇടതുപക്ഷ ചിന്തകനായ പി.കെ പോക്കറടക്കം പോസ്റ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. "ഉത്തരവാദിത്വം കാണിക്കാത്ത ഡോക്ടർ മുതൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ വരെ ഉണ്ടായിരുന്നു. മാത്രമല്ല പഠിപ്പും പദവിയുമുള്ള അവരുടെ നിരുത്തരവാദിത്തമാണ് ചർച്ചയാവേണ്ടിയിരുന്നത്. ശ്രീചിത്ര ആശുപത്രി പോലും അടച്ചിടേണ്ടി വന്നു. എന്നിട്ടും വർഗീയ വിഷം ഉള്ളിൽ അവശേഷിക്കുന്ന ചിലർ പത്തനം തിട്ടയിലെ ക്രിസ്ത്യാനിയുടെ ഓട്ടവും കാസർകോട്ടെ മുസ്ലിമിന്റെ ഓട്ടവും പുസ്തകത്തിലാക്കി ഇപ്പോഴും ഓടുന്നത് കാണുമ്പൊൾ ലജ്ജ കൊണ്ട് തല താഴ്ത്തുന്നു. അവരുടെ പുരോഗമന പട്ടം സവർണ്ണതയെ മൂടിവെക്കുന്ന പട്ടു മാത്രം" എന്നതായിരുന്നു പോക്കറിന്റെ വിമര്‍ശനം.
വ്യാപക വിമര്‍ശനത്തെ തുടര്‍ന്ന് പോസ്റ്റ് എഡിറ്റ് ചെയ്തെങ്കിലും മാപ്പ് പറയാനോ ഖേദം പ്രകടിപ്പിക്കാനോ കെ.എന്‍ ഗണേഷ് തയ്യാറായിട്ടില്ല.
കെ.എന്‍ ഗണേഷിന്റെ വിവാദ പോസ്റ്റ്
നെടുമ്പാശ്ശേരിയില്‍ അഞ്ചും കരിപ്പൂരില്‍ മൂന്നും പേര് ഐസൊലേഷനിലായി എന്നതാണ് ഏറ്റവും ഗൗരവമുള്ള വാര്‍ത്ത. ഇനി വരുന്ന ഫ്ളൈറ്റുകളിലും ധാരാളം പേര് ഐസൊലേഷനിലാകും. ധാരാളം പേര് കാരിയറുകളാകാനും സാധ്യതയുണ്ട്. ഇവിടെ നാം ചെയ്തതുപോലെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ജീവിതം ഇവര്‍ നടത്തുമെന്ന് ഉറപ്പുവരുത്താനും പ്രയാസമാണ്. പത്തനംതിട്ടയിലും കാസര്കോവട്ടും ഓടിനടന്നത് ഓര്‍ക്കുമല്ലോ. കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും മറ്റും പറഞ്ഞു കേറ്റിയതിന്റെ ഹുങ്കും ചിലര്‍ക്ക് കാണും. അവര്‍ വരുന്ന സ്ഥലങ്ങളിലെല്ലാം കര്‍ക്കശ മാനദണ്ഡങ്ങളും ഇല്ല. അമേരിക്കയിലും ഗള്‍ഫിലും ഇല്ലാത്ത മാനദണ്ഡം ഇവിടെയെന്തിന് എന്ന് ചോദിക്കുന്നവരെയും കണ്ടേക്കാം. ജാഗ്രത കുറക്കാനായിട്ടില്ല. പറ്റുമെങ്കില്‍ പഴയപടി 14-28 ദിവസം ക്വാറന്റൈന് ആണ് നല്ലതെന്നു തോന്നുന്നു. ലോക് ഡൗണ്‍ പിന്‍വലിക്കുന്നതും 'പതുക്കെ' മതിയെന്ന് തോന്നുന്നു. എടുത്തു ചാടിയാല്‍ ആപത്തായേക്കാം. മാധ്യമക്കാരുടെ ആശ്വാസം യഥാര്‍ഥ ആശ്വാസമാകണമെന്നില്ല.