LiveTV

Live

Kerala

'പ്രവാസികളെ സർക്കാർ സൗജന്യമായി നാട്ടിലെത്തിക്കണമായിരുന്നു'; കുവൈത്ത് യുദ്ധകാലത്ത് ഇന്ത്യക്കാരെ തിരികെയെത്തിച്ച കെ.പി ഉണ്ണികൃഷ്ണന്‍

'പ്രവാസികളെ സർക്കാർ സൗജന്യമായി നാട്ടിലെത്തിക്കണമായിരുന്നു'; കുവൈത്ത് യുദ്ധകാലത്ത് ഇന്ത്യക്കാരെ തിരികെയെത്തിച്ച കെ.പി ഉണ്ണികൃഷ്ണന്‍

കോവിഡ് കാലത്ത് ഗള്‍ഫില്‍ നിന്നും പ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുമ്പോള്‍ മുന്‍പ് കുവൈത്ത് യുദ്ധകാലത്ത് ഇതേപോലെ പ്രവാസികളെ തിരിച്ചെത്തിക്കാൻ അഹോരാത്രം ശ്രമിച്ച ഒരാളുണ്ട്. മുന്‍ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍. സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചത് കെ.പി ഉണ്ണികൃഷ്ണനായിരുന്നു. ആശങ്കയുടെ കാലത്ത് പ്രവാസികളെ സർക്കാർ സൗജന്യമായി നാട്ടില്‍ എത്തിക്കണമായിരുന്നെന്ന് അദ്ദേഹം പറയുന്നു.

വി.പി സിംഗ് മന്ത്രിസഭയുടെ കാലത്താണ് ഗള്‍ഫ് യുദ്ധം നടക്കുന്നത്. ഇറാഖ് കുവൈത്തിനെ ആക്രമിച്ചപ്പോള്‍ കുടുങ്ങിപ്പോയത് ഒന്നര ലക്ഷത്തിലധികം ഇന്ത്യക്കാര്‍. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുളള ചര്‍ച്ചയ്ക്ക് മുന്‍കയ്യെടുത്തത് അന്നത്തെ കേന്ദ്ര ഷിപ്പിങ്‌-ഉപരിതല ഗതാഗത വകുപ്പ്‌ മന്ത്രിയായിരുന്ന കെ.പി ഉണ്ണികൃഷ്ണനാണ്. കുവൈത്തിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. മുഴുവന്‍ പേരെയും സൌജന്യമായാണ് നാടുകളിലെത്തിച്ചത്.

അന്നത്തെ സാഹചര്യമല്ല ഇന്ന്. ലോകത്തിനെ ആകെ ഭീതിയിലാഴ്ത്തിയ മഹാമാരിക്കാലത്താണ് ഇന്ത്യക്കാര്‍ നാട്ടിലെത്തുന്നത്. എന്നിരുന്നാല്‍ പോലും സൌജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. അന്നും പ്രവാസികളില്‍ നിന്ന് പണം പിരിക്കാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത് വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാരെന്നും കെ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കുവൈത്ത് യുദ്ധകാലത്തെ ഒഴിപ്പിക്കല്‍ സമയത്തെ മികവിന് യുഎന്‍ സെക്രട്ടറി ജനറല്‍ അഭിനന്ദിച്ച് കത്തെഴുതിയ കാര്യവും കെ പി ഉണ്ണികൃഷ്ണന്‍ ഓര്‍മ്മിക്കുന്നു.