LiveTV

Live

Kerala

റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിശദമായ ആരോഗ്യ പരിശോധനകൾക്കിടെയാണ് റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയ നാല് പേർക്ക് വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി മെഡിക്കൽ സംഘം കണ്ടെത്തിയത്.

റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദിൽ നിന്ന് ഇന്നലെ കരിപ്പൂരിൽ എത്തിയ 152 യാത്രക്കാരിൽ നാല് പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പ്രകടമായ കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയ മലപ്പുറം സ്വദേശിയെ മഞ്ചേരി മെഡിക്കൽ കോളജിലെ കോവിഡ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. പൂർണ്ണ ഗർഭിണി ഉൾപ്പടെയുള്ള മറ്റു മൂന്ന് പേരെ തുടർ ചികിത്സകൾക്കായാണ് വിവിധ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക്‌ റഫർ ചെയ്തത്.

വിശദമായ ആരോഗ്യ പരിശോധനകൾക്കിടെയാണ് റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയ നാല് പേർക്ക് വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി മെഡിക്കൽ സംഘം കണ്ടെത്തിയത്. കോവിഡ് ലക്ഷണങ്ങളായ പനി, ചുമ, തലവേദന തുടങ്ങിയ പ്രശ്നങ്ങൾ കണ്ടെത്തിയ മലപ്പുറം കീഴാറ്റൂർ സ്വദേശിയെ മഞ്ചേരി മെഡിക്കൽ കോളജിലെ ഐസൊലേഷനിലേക്ക് മാറ്റി. നിരീക്ഷണത്തിന് പുറമെ ഇയാൾക്ക് കോവിഡ് 19 പരിശോധനയും നടത്തും. കോവിഡ് ലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മറ്റു മൂന്ന് പേരെ വിവിധ മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്തത്.

പൂർണഗർഭിണിയായ എറണാകുളം സ്വദേശിനിയെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പ്രസവ ചികിത്സ അവിടെ തുടരാൻ ഇവർ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് കളമശ്ശേരിയിലെക്ക് മാറ്റിയത്. അർബുദ രോഗവുമായി ബന്ധപ്പെട്ട ചികിത്സയിലുള്ള കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പ് അലർജിയുമായി ബന്ധപ്പെട്ട്‌ ചികിത്സ എടുത്തിരുന്ന മലപ്പുറം മമ്പാട് സ്വദേശിയെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാൾക്ക് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങൾ പ്രകടമല്ലെങ്കിലും വിദഗ്ധ പരിശോധന നടത്താനാണ് തീരുമാനം. 108 ആംബുലൻസിലാണ് നാല് പേരെയും വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്.