LiveTV

Live

Kerala

മുസ്‍ലിം വിരുദ്ധ പരിപാടി; സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരളത്തില്‍ കേസ്

മാര്‍ച്ച് 11 ന് സീ ന്യൂസ് സംപ്രേഷണം ചെയ്ത ഡിഎന്‍എ എന്ന പരിപാടി മതസ്പര്‍ദ വളര്‍‌ത്തുന്നതും ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നുവെന്നുമായിരുന്നു പരാതി

മുസ്‍ലിം വിരുദ്ധ പരിപാടി; സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരളത്തില്‍ കേസ്

മുസ്‍ലിം വിരുദ്ധ പരിപാടി സംപ്രേഷണം ചെയ്തുവെന്ന പരാതിയില്‍ സി ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൌധരിക്കെതിരെ കേസ്. കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ അന്വേഷണം ആരംഭിച്ചു. എ.ഐ.വൈ.എഫ് നല്‍കിയ പരാതിയിലാണ് നടപടി.

മാര്‍ച്ച് 11 ന് സീ ന്യൂസ് സംപ്രേഷണം ചെയ്ത ഡിഎന്‍എ എന്ന പരിപാടി മതസ്പര്‍ദ വളര്‍‌ത്തുന്നതും ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുന്നുവെന്നുമായിരുന്നു പരാതി. എഐവൈഎഫ് നേതാവായ ഗവാസ് നല്‍കിയ പരാതി പരിഗണിച്ച കസബ പോലീസ് സുധീര്‍ ചൌദരിക്കെതിരെ ഐപിസി 195 എ വകുപ്പ് പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യയിലെ മുസ് ലിങ്ങള്‍ സാമ്പത്തിക രംഗത്തും മാധ്യമ രംഗത്തും വിദ്യാഭ്യാസ രംഗത്തും ജിഹാദ് നടത്തുന്നുവെന്ന സുധീര്‍ ചൌധരി അവതരിപ്പിച്ച പരിപാടിയില്‍ പരാമര്‍ശിക്കുന്നതായും ഇതിലൂടെ ചാനലും അവതാരകനും ഒരു വിഭാഗത്തിനെതിരെ പക ജനിപ്പിക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

ചാനലിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തെയും സമീപിക്കുമെന്ന് പരാതിക്കാരന്‍ പറഞ്ഞു. കേസില്‍ വരും ദിവസങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനം.