LiveTV

Live

Kerala

കരുമാടിയിലെ ബുദ്ധൻ ; കരുമാടിക്കുട്ടൻ

ഇന്ന് ബുദ്ധ പൂർണ്ണിമ; ബുദ്ധൻ ജനിച്ച ദിവസം

കരുമാടിയിലെ ബുദ്ധൻ ; കരുമാടിക്കുട്ടൻ

ആലപ്പുഴ: കൊല്ലത്തെ കരുനാഗപ്പള്ളി മുതൽ ആലപ്പുഴയിലെ കരുമാടി വരെയുള്ള പ്രദേശങ്ങളിൽ നിന്നാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ബുദ്ധപ്രതിമകൾ കണ്ടെത്തിയിട്ടുള്ളത്. തൃക്കുന്നപ്പുഴ കേന്ദ്രീകരിച്ച് " ശ്രീമൂലഘോഷവിഹാരം" എന്ന പേരിൽ ഒരു പ്രാചീന ബുദ്ധവിഹാര കേന്ദ്രം നിലനിന്നിരുന്നതായും തിരുവിതാംകൂറിന്റെ ചരിത്ര രേഖകളിലുണ്ട്. കണ്ടെത്തിയ ബുദ്ധപ്രതിമകളിൽ കരുമാടിയിലെ കരുമാടി കുട്ടനാണ് ഏറ്റവും സവിശേഷതകളുള്ളതും.

1930ൽ ബ്രിട്ടീഷ് എഞ്ചിനീയർ ആയിരുന്ന റോബർട്ട് ബ്രിസ്‌റ്റോ കരുമാടി തോട്ടിൽ നിന്ന് കണ്ടെടുത്തതാണ് കരുമാടിക്കുട്ടനെ. പ്രതിമ കിട്ടിയപ്പോൾ തന്നെ അതിന്റെ വലതുവശം ഇല്ലായിരുന്നു. മൂന്നടി ഉയരമുള്ള കരിങ്കൽപ്രതിമ ഒൻപതാം നൂറ്റാണ്ടിന്റെയും പതിനാലാം നൂറ്റാണ്ടിന്റെയും ഇടയിൽ നിർമ്മിച്ചതാകാമെന്നാണ് കരുതുന്നത്.

കരുമാടിയിലെ ബുദ്ധൻ ; കരുമാടിക്കുട്ടൻ
RB Sanup

കരുമാടിക്കുട്ടന്റെ വലതു ഭാഗം തകർന്നതിനെ ചൊല്ലി പല കഥകളുമുണ്ട്. ആനയുടെ ആക്രമണത്തിൽ തകർന്നതാണെന്ന ഒരു വാദമാണ് അതിൽ പ്രധാനം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ വസ്തുതകളാണ് ചരിത്രകാരന്മാർ നിരത്തുന്നത്. ബിസി മൂന്നാം നൂറ്റാണ്ടു മുതൽ എഡി 13 നൂറ്റാണ്ടുവരെ കേരളത്തിൽ ബുദ്ധമതം വ്യാപകമായി പ്രചരിച്ചിരുന്നു. കേരള സർവകലാശാല ചരിത്ര വിഭാഗം തലവനായിരുന്നു ഡോ.ടി.പി ശങ്കരൻക്കുട്ടിയുടെ വാക്കുകൾ കേൾക്കുക - " ബുദ്ധമതം പ്രചരിച്ചരിൽ അസ്വസ്ഥരായ ബ്രാഹ്മണർ തകർത്തതാണ് കരുമാടിക്കുട്ടനെയും. ഇന്ന് ഹിന്ദുക്കൾ ആരാധിക്കുന്ന പല ക്ഷേത്രങ്ങളും ബുദ്ധരുടേതായിരുന്നു".

1965 ൽ സാക്ഷാൽ ദലൈലാമ കരുമാടിക്കുട്ടനെ കാണാൻ എത്തിയിരുന്നു. പ്രതിമയിരിക്കുന്ന ഗോപുരം അന്ന് നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. സംരക്ഷിത സ്മാരകമായി സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും വർഷങ്ങളോളം വേണ്ട പരിഗണന പ്രതിമക്ക് ലഭിച്ചില്ല. 2015ൽ 15 ലക്ഷം രൂപ മുടക്കി സർക്കാർ ഇവിടം നവീകരിച്ചു. ചുറ്റുമതിലെല്ലാം കെട്ടി സുരക്ഷാ ജീവനക്കാരെയും ഏർപ്പാടാക്കി.

കരുമാടിയിലെ ബുദ്ധൻ ; കരുമാടിക്കുട്ടൻ
RB Sanup

ചരിത്ര വിദ്യാർത്ഥികളടക്കം നിരവധി പേർ ഇന്ന് ഇവിടെയെത്തുന്നുണ്ട്. ഇതിനിടയിൽ കരുമാടിക്കുട്ടന്റെ വലതുകൈ സമീപ പ്രദേശത്ത് നിന്ന് കണ്ടെത്തുകയുണ്ടായി. ഇത് പ്രതിമയിൽ കൂട്ടിച്ചേർക്കാൻ ശ്രമിച്ചെങ്കിലും നിരവധി പേരുടെ എതിർപ്പിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു. കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിലാണ് ആ വലതു കൈ ഇന്ന് സൂക്ഷിച്ചിട്ടുള്ളത്.

തീക്ഷ്ണമായൊരു കാലഘട്ടത്തിന്റെ മൂകസാക്ഷിയാണ് കരുമാടിക്കുട്ടൻ. പുന്നമട കായലിനെ നോക്കിയാണ് ഇരുത്തം. യോഗാസനത്തിൽ നിന്നുണർന്ന ദിവസങ്ങളിൽ ഒരു പക്ഷേ തന്റെ പകുതി ഭാഗം നഷ്ടമായതെങ്ങനെയെന്ന് കായലിനോട് പറഞ്ഞിട്ടുണ്ടാകും.