LiveTV

Live

Kerala

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്താനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചു

വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോണില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്താനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചു

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്താനുള്ള പാസ് വിതരണം നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ചവരില്‍ റെഡ്സോണില്‍ നിന്ന് വരുന്നവരെ ക്വാറന്റീന് ചെയ്യുന്ന നടപടി പൂര്‍ത്തിയായ ശേഷമേ ഇനി പാസുകള്‍ അനുവദിക്കൂ. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ ട്രയിനില്‍ മലയാളികളെ മടക്കിക്കണ്ടുവരാമെന്ന് റയില്‍വെ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ റെഡ്സോണില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാസ് വിതരണം നിര്‍ത്തിയത്. നേരത്തെ എത്തിയവരുടെയും ഇതിനകം പാസ് അനുവദിച്ചവരുടെയും പരിശോധന, ക്വാറന്റീന്‍ നടപടികള്‍ ഉറപ്പാക്കിയ ശേഷമെ ഇനി പാസുകള്‍ അനുവദിക്കൂ. അതേസമയം, ഓണ്‍ലൈന്‍ വഴി പാസിന് അപേക്ഷിക്കുന്നതിന് തടസ്സമില്ല. ഇന്ന് ഇഞ്ചിവിള ചെക്ക് പോസ്റ്റ് വഴി 255 പേരാണ് കേരളത്തിലേക്ക് എത്തിയത്. തമിഴ്നാട്ടിലെ റെഡ്സോണില്‍ നിന്ന് എത്തിയ 40 പേരെ മാർ ഇവാനിയോസ് കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. വയനാട് മുത്തങ്ങ അതിര്‍ത്തി വഴി 234 പേരാണ് ഇന്ന് എത്തിയത്. 23 പേരെ ക്വാറന്‍റയിന്‍ കേന്ദ്രത്തിലേക്ക് മാറ്റി റെഡ് സോൺ മേഖലയിൽനിന്നും വാളയാർ ചെക്പോസ്റ്റ് വഴി പാലക്കാട് ജില്ലയില്‍ എത്തിയ 47 പേരേ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതാത് പഞ്ചായത്തുകളുടെ അടിസ്ഥാനത്തിൽ ശ്രീകൃഷ്ണപുരം, മുണ്ടൂർ, കരിമ്പുഴ, കേരളശ്ശേരി, ഷോർണൂർ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കോവിഡ് കെയർ സെൻററു കളിലേക്ക് ഇവരെ മാറ്റിയത്. ഇതിൽ 40 പേർ ചെന്നൈയിൽ നിന്നും വന്നവരാണ്. വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി 500 പേരാണ് കോട്ടയം ജില്ലയിലെത്തിയത്. മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക നോണ്‍ സ്റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അതിഥി തൊഴിലാളികളെ കൊണ്ടുപോയ തീവണ്ടികളില്‍ അതാത് സംസ്ഥാനങ്ങളിലെ മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ തയ്യാറാണെന്ന് റയില്‍വെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ തമ്മില്‍ ആശയവിനിമയം നടത്തി ധാരണയിലെത്തിയാല്‍ തീവണ്ടികള്‍ സര്‍വീസ് നടത്തും.