LiveTV

Live

Kerala

പ്രണയിനിയെ കൂട്ടാന്‍ യാത്ര ആംബുലന്‍സില്‍; മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി

സിനിമാ കഥയൊന്നുമല്ലിത്, കോഴിക്കോട് വടകരയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പ്രണയിനിയെ കൂട്ടാന്‍ യാത്ര ആംബുലന്‍സില്‍; 
മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി

പ്രണയിച്ച പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനായി ലോക്ഡൗണ്‍ കാലത്ത് തിരുവനന്തപുരത്ത് നിന്നും ആംബുലന്‍സില്‍ കോഴിക്കോട് ജില്ലയിലെത്തുക, പെണ്‍കുട്ടിയെകാത്ത് പലസ്ഥലങ്ങളില്‍‌ കറങ്ങുക, ഒടുവില്‍ നാട്ടുകാരുടെ പിടിയിലാവുക. പിന്നാലെ ലോക്ഡൗണ്‍‌ ലംഘനത്തിന് പോലീസ് കേസും. സിനിമാ കഥയൊന്നുമല്ലിത്, കോഴിക്കോട് വടകരയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഇന്‍സ്റ്റഗ്രാം വഴിയാണ് തിരുവനന്തപുരം സ്വദേശിയായ ശിവജിത് വടകര സ്വദേശിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പരിചയം പ്രണയത്തിന് വഴി മാറി. പിരിയാന്‍ വയ്യാതായപ്പോള്‍ രണ്ടു പേരും ലോക്ഡൗണ്‍ കാലമാണെന്നൊന്നുമോര്‍ത്തില്ല. ഒന്നിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ശിവജിത് കൂട്ടാകാരായ സതീഷിനും ഉണ്ണി അല്‍ഫോന്‍സിനുമൊപ്പം വടകരക്ക് വരാന്‍ തയ്യാറെടുത്തത്. മറ്റു വണ്ടികളൊന്നും കിട്ടാതായതോടെയാണ് വരവ് ആംബുലന്‍സിലാക്കിയത്.

നിയമം ലംഘിച്ചുള്ള ഈ യാത്രക്കിടെ വഴിയില്‍ പരിശോധന നടത്തിയവരോടൊക്കെ രോഗിയെകൂട്ടാനാണെന്ന് പറഞ്ഞ് ഈ ദൂരമത്രയും പിന്നിട്ടു. പുലര്‍ച്ചെ വടകര ചോറോടെത്തി പെണ്‍കുട്ടിയെ തേടി കറങ്ങിയ സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തു.പിന്നാലെ സംഘം റവന്യൂവകുപ്പിന്‍റെ മുമ്പിലും കുടുങ്ങി. സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വരുത്തി. ഇതോടെയാണ് കഥയുടെ ചുരുളഴിഞ്ഞത്.

വിവാഹം സ്വപ്നം കണ്ടെത്തിയ പ്രതിശ്രുത വരനും കൂട്ടുകാരും അങ്ങനെ പോലീസ് സ്റ്റേഷനിലായി..ഇവരെ ക്വാറന്‍റൈനില്‍ വിടണോയെന്ന കാര്യം ആരോഗ്യവകുപ്പിന് വിട്ടിരിക്കുകയാണ് പോലീസ്.