LiveTV

Live

Kerala

പാലിയേക്കര ടോൾ പ്ലാസ തകർത്ത കേസ്; വാഹനത്തിൽ സ്പിരിറ്റില്ലെന്ന് എക്സൈസ്

കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരൻ കുറ്റപെടുത്തി

പാലിയേക്കര ടോൾ പ്ലാസ തകർത്ത കേസ്; വാഹനത്തിൽ സ്പിരിറ്റില്ലെന്ന് എക്സൈസ്

കൊച്ചിയില്‍ നിന്ന് എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്ന വാഹനം പാലക്കാട് പിടികൂടി. വാഹനത്തിൽ സ്പിരിറ്റായിരുന്നില്ലെന്നും പാന്‍മസാലയും മൂന്നുലക്ഷം രൂപയുമാണ് ഉണ്ടായിരുന്നതെന്നുമാണ് എക്സൈസ് പറയുന്നത്. അതെ സമയം കേസ് അട്ടിമറിക്കാനാണ് നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരൻ കുറ്റപെടുത്തി.

ചിറ്റൂർ നാട്ടുകല്ലിൽ വെച്ചാണ് പാലിയേക്കര ടോൾപ്ലാസ ഇടിച്ചുതകർത്ത് സ്പിരിറ്റുമായി കടന്നുകളഞ്ഞുവെന്ന് സംശയിച്ച വാഹനം എക്സൈസ് സംഘം കണ്ടെത്തിയത്. അരുൾ ജ്യോതി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഹനം വിനയൻ ദാസ് എന്ന വ്യക്തിയാണ് ഓടിച്ചിരുന്നത്. ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. സ്പിരിറ്റ് അല്ല പാൻ മസാലയായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് ഡ്രൈവറുടെ മൊഴി. സ്ഥിരമായി പാൻ മസാല കടത്താറുള്ള സംഘം പൊള്ളാച്ചി മാർക്കറ്റിൽ നിന്നും പാൻ മസാല വാഹനത്തിൽ കയറ്റി തവിട് ഉപയോഗിച്ച് മറച്ചുകൊണ്ട് സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ വിതരണം ചെയ്തുവരികയായിരുന്നു. വണ്ടിയിലുണ്ടായിരുന്ന അവസാന ചാക്ക് ചാലക്കുടിയിൽ വെച്ച് കൈമാറുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ട് വാഹനവുമായി കടന്നതാണെന്ന് ഡ്രൈവർ മൊഴി നൽകിയതായി എക്സൈസ് സംഘം പറഞ്ഞു. വാഹനത്തിൽ പാൻമസാലക്ക് പുറമേ, മൂന്നു ലക്ഷം രൂപയും ഉണ്ടായിരുന്നു. അതിനാലാണ് എക്സൈസ് സംഘത്തെ കണ്ട വാഹനം വേഗത്തിൽ പോയതെന്ന് ഡ്രൈവർ മൊഴി കൊടുത്തിട്ടുണ്ട്. എന്നാൽ ഡ്രൈവറുടെ മൊഴി എക്സൈസ് സംഘം പൂർണ്ണമായും വിശ്വാസത്തിലെടുത്ത് കേസ് എടുക്കേണ്ടന്ന് തീരുമാനിച്ചു. ടോൾ പ്ലാസ തകർത്തതിന് പൊലീസിന് കേസ് എടുക്കാമെന്നാണ് എക്സൈസ് വാദം.

ഇതിനിടയില്‍ എക്സൈസ് വകുപ്പിൻ്റെ നടപടിക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. സ്പിരിറ്റ് മാഫിയയും, എക്സൈസ് ഉദ്യോസ്ഥരും തമ്മിലെ ഒത്തുകളിയാണ് കേസ് അട്ടിമറിക്കാൻ കാരണമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് വി.എം സുധീരൻ പറഞ്ഞു.