LiveTV

Live

Kerala

നാട്ടിലെത്തുന്ന പ്രവാസികളുടെ ക്വാറന്‍റൈന്‍ കാലാവധി 14 ദിവസമാക്കാന്‍ സര്‍ക്കാര്‍

മാറ്റിവെച്ച എസ്.എസ്‍.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നതില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.

നാട്ടിലെത്തുന്ന പ്രവാസികളുടെ ക്വാറന്‍റൈന്‍ കാലാവധി 14 ദിവസമാക്കാന്‍ സര്‍ക്കാര്‍

വിദേശത്ത് നിന്ന് തിരികെയെത്തുന്ന പ്രവാസികളുടെ ക്വാറന്‍റൈന്‍ കാലാവധി 14 ദിവസമാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നു. വൈകിട്ടത്തെ അവലോകനയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാനണ്ടായേക്കും. മാറ്റിവെച്ച എസ്.എസ്‍.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്നതില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല.

മടങ്ങിയെത്തുന്ന പ്രവാസികളെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈന്‍ പാര്‍പ്പിച്ച ശേഷം കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ വീടുകളില്‍ വിട്ട് അവിടെ ഏഴു ദിവസം കൂടി നിരീക്ഷത്തില്‍ വയ്ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരികെ വരുന്നവരെ എല്ലാം 14 ദിവസം സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ പാര്‍പ്പിക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. ഈ പശ്ചാത്തലത്തിലാണ് ക്വാറന്‍റൈന്‍ കാലാവധി 14 ദിവസമാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്രവുമായി ആശ‍യ വിനിമയം നടത്തി വൈകിട്ട് നടക്കുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരികെ എത്തുന്നവരെ അധിക നാള്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍ വയ്ക്കാതെ വേഗത്തില്‍ തന്നെ വീട്ടിലേക്ക് തിരികെ അയക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മടങ്ങിയെത്തുന്നവരുടെ വീട് ഏത് ജില്ലയിലാണോ ആ ജില്ലയില്‍ തന്നെ ക്വാറന്‍റൈന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം, മാറ്റി വച്ചിരിക്കുന്ന എസ്.എസ്‍.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ലോക്ക് ഡൌണിന് ശേഷം നടത്താമെന്ന ധാരണ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടെങ്കിലും തീയതി സംബന്ധിച്ച തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലുമുണ്ടായില്ല. മറ്റ് സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറന്നെങ്കിലും കേരളത്തില്‍ തുറക്കുന്നതിനെ കുറിച്ച് ആലോചനകള്‍ നടന്നിട്ടില്ല. മദ്യശാലകള്‍ തുറക്കുന്പോള്‍ മദ്യത്തിന്‍റെ വില കൂട്ടാനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.