LiveTV

Live

Kerala

പ്രവാസികളെ സ്വീകരിക്കാന്‍ പൂര്‍ണസജ്ജമായി കൊച്ചി

നെടുമ്പാശ്ശേരി വിമാനത്താവളത്തിലുംകൊച്ചി തുറമുഖത്തും സജ്ജീകരണങ്ങൾ പൂർത്തിയായി. നിരീക്ഷണത്തില്‍ കഴിയാന്‍ നാലായിരത്തോളം കേന്ദ്രങ്ങള്‍. നിരീക്ഷണകേന്ദ്രത്തിലേക്കെത്താന്‍ ഡബിള്‍ ചേംബര്‍ ടാക്സികള്‍.

പ്രവാസികളെ സ്വീകരിക്കാന്‍ പൂര്‍ണസജ്ജമായി കൊച്ചി

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പൂര്‍ണസജ്ജമായിരിക്കുകയാണ് കൊച്ചി. നാടിന്റെ നട്ടെല്ലായ പ്രവാസികള്‍ ആകാശമാര്‍ഗ്ഗവും കടല്‍മാര്‍ഗ്ഗവും എത്തുമ്പോള്‍ അവര്‍‌ നാട്ടിലിറങ്ങുന്ന ആദ്യ നിമിഷം മുതല്‍ അവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള എല്ലാ സൌകര്യങ്ങളും ഏര്‍പ്പെടുത്തി കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടിയുള്ള പരിശോധന സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രവാസികളെ തെര്‍മല്‍ സ്‌കാനറുകളിലൂടെയാണ് പരിശോധന വിധേയമാക്കുന്നത്. ഇതില്‍ ശരീര ഊഷ്മാവ് ഉയര്‍ന്ന നിലയിലുള്ളവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. അതിനായി എല്ലാ സജ്ജീകരണങ്ങളോടു കൂടിയുമുള്ള ആംബുലന്‍സുകള്‍ എയര്‍പോര്‍ട്ടിനുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവരെ നിരീക്ഷണത്തിലാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് കൊച്ചിയില്‍ തയാറായിട്ടുള്ളത്.

ജില്ലയിലാകെ നാലായിരം കേന്ദ്രങ്ങളാണ് വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഇതിനായി കണ്ടെത്തിയിരിക്കുന്നത്. വെള്ളവും വൈദ്യുതിയും അറ്റാച്ച്ഡ് ബാത്ത്‌റൂം സംവിധാനവുമുള്ള വീടുകള്‍ മാത്രമാണ് പ്രവാസികള്‍ക്ക് താമസിക്കാനായി ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അസൗകര്യങ്ങളുള്ള വീടുകളെല്ലാം പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പ്രവാസികളെ വിമാനത്താവളത്തില്‍ നിന്നും തുറമുഖത്ത് നിന്നും നിരീക്ഷണത്തില്‍ കഴിയുന്ന സ്ഥലത്തേക്ക് എത്തിക്കാന്‍ ഡബിള്‍ ചേംബര്‍‌ ടാക്സി കാറുകളാണ് തയാറാക്കിയിരിക്കുന്നത്. ഇത് മൂലം വാഹനം ഓടിക്കുന്നയാളും പ്രവാസികളും തമ്മില്‍ നേരിട്ടുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കാനാവും. മുൻ അനുഭവങ്ങള്‍ കണക്കിലെടുത്ത് അപാകതകള്‍ പൂർണമായും പരിഹരിച്ചാണ് ഒരു ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ഗതാഗത സംവിധാനങ്ങള്‍ പ്രവാസികള്‍ക്കായി പ്രവര്‍ത്തനസജ്ജമാവുന്നത്.