LiveTV

Live

Kerala

ഇന്ന് ആശ്വാസദിനം; സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല

ഇന്ന് ആശ്വാസദിനം; സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല

ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വീണ്ടും ആശ്വാസദിനം. ഇന്ന് സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. ഏഴ് പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. കോട്ടയത്ത് 6 പേരും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് കോവിഡ് നെഗറ്റീവായത്. നിലവില്‍ 30 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 14760 നിരീക്ഷണത്തിലാണ്. ഇതില്‍ 14402 വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 34599 സാമ്പിളുകളാണ് ഇത് വരെ പരിശോധിച്ചത്. ഇതില്‍ 34063 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് തെളിഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് കോവിഡ് രോഗികളുള്ളത്. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നീ എട്ട് ജില്ലകള്‍ കോവിഡ് മുക്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികളുടെ മടക്കം

ലോക്ക് ഡൗണ്‍ കാരണം കുടുങ്ങി കിടക്കുന്ന കേരളീയര്‍ നാളെ മുതല്‍ കേരളത്തിലെത്തും. സിവില്‍ ഏവിയേഷന്‍ വകുപ്പ് ഒരുക്കുന്ന കപ്പലുകളിലും വിമാനങ്ങളിലുമായി എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചയായി മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ മറുപടി ലഭിച്ചിട്ടില്ല. മടങ്ങിയെത്തുന്ന മലയാളികളുടെ കാര്യത്തിൽ കരുതലോടെയാണ് നാം ഇടപെടുന്നത്. വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം ജാഗ്രത പുലർ‌ത്തണം. വിമാനത്താവളം മുതൽ ജാഗ്രത വേണം. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍

രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ‌ കുടുങ്ങികിടക്കുന്നു. ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിലെ മലയാളി വിദ്യാർഥികൾക്ക് ലഭിച്ച നിർ‌ദേശം ഈ മാസം 15 മുൻപ് ഹോസ്റ്റലുകൾ ഒഴിയണം എന്നാണ്. നിരീക്ഷണ കേന്ദ്രങ്ങൾ ആക്കാൻ വേണ്ടിയാണിത്. അവിടെ പെൺ‌കുട്ടികൾ അടക്കം 40 വിദ്യാർഥികളുണ്ട്. ഇത്തരം സാഹചര്യത്തിലാണ് ഡൽഹി, പഞ്ചാബ്, ഹിമാചല്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ഡൗൺ കാരണം കുടുങ്ങിയ വിദ്യാർഥികളെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

പ്രത്യേക നോൺസ്റ്റോപ് ട്രെയിനിൽ ഇവരെ കേരളത്തിൽ എത്തിക്കണമെന്നാണ് ആവശ്യം. അതുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. ലഭിച്ച കണക്ക് അനുസരിച്ച് 1200 ഓളം മലയാളി വിദ്യാർഥികൾ ഈ സംസ്ഥാനങ്ങളിലുണ്ട്. 723 പേർ ഡൽഹിയിലുണ്ട്. 348 പേർ പഞ്ചാബിൽ, 89 പേർ ഹരിയാന, 17 ഹിമാചൽ എന്നിങ്ങനെയാണ് കണക്ക്. ഡൽഹിയിൽനിന്ന് സ്പെഷൽ ട്രെയിൻ ഏർപെടുത്തിയാൽ വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാം. റെയിൽവേയുമായി ഔപചാരികമായി ബന്ധപ്പെടാൻ ഡൽഹി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ട്രെയിനിന്റെ തീയതി ലഭിക്കുമ്പോൾ വിദ്യാർഥികളെ മുഴുവൻ ഡൽഹിക്ക് എത്തിക്കാൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെടും. കേന്ദ്രസർക്കാരുമായും ആശയവിനിമയം നടത്തുന്നുണ്ട്.

ഒരു വയര്‍ ഊട്ടാം

ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷണം കിട്ടാതെ വലയാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ അശരണര്‍ക്കായി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ഭക്ഷണവിതരണ പരിപാടി 4,44,573 ഭക്ഷണപ്പൊതികളും 29,030 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തു മാത്രമായി തുടങ്ങിയ പരിപാടിയായിരുന്നു ഇത്. അത് കേരളം ഒട്ടാകെ വ്യാപിപ്പിച്ച് 24 അടുക്കളയിലൂടെയാണ ഭക്ഷണം വിതരണം ചെയ്തത്. എസ്.പി.സി., ഏതാനും സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് 'ഒരു വയര്‍ ഊട്ടാം' എന്ന ഈ പദ്ധതി നടപ്പാക്കിയത്.

ലോക്ക്ഡൗണ്‍ കാലത്ത് ആശുപത്രികളില്‍ രക്തം ലഭിക്കുന്നത് ഉറപ്പാക്കാന്‍ 'ജീവധാര' എന്ന പേരില്‍ ഒരു പദ്ധതിക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് രൂപം നല്‍കി. മൂന്നുലക്ഷം പേരാണ് രക്തം ദാനം ചെയ്യാന്‍ കേരളത്തില്‍ സന്നദ്ധരായത്. ഇത് പത്തുലക്ഷമാക്കുകയാണ് ലക്ഷ്യം. കേഡറ്റുകളുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടുവന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിമന്റ് നിരക്കിലെ ഭീകരമായ വര്‍ധനവ്

ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്ത് സിമന്റ് നിരക്കില്‍ ഭീകരമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ മാര്‍ച്ച് 20ന് പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കുന്നതിന് മുന്‍പെയുള്ള സിമന്റിന്റെ നിരക്കിനെക്കാള്‍ നൂറ് രൂപയില്‍ കുടതല്‍ വര്‍ധനവ് ഒരു ചാക്കില്‍ തന്നെ വരുത്തിയിട്ടുണ്ട്. ഇത് പുതിയ സിമന്റല്ല. പഴയ സ്റ്റോക്കുള്ള സിമന്റാണ്. അതിന് തന്നെ വില വര്‍ധിപ്പിച്ച് വില്‍ക്കാനാണ് പരിപാടി. നേരത്തെയുള്ള വിലക്ക് തന്നെ സിമന്റ് വില്‍ക്കുന്നതിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ ഉത്പാദകരാണോ, ഇവിടെയുള്ള ഡീലര്‍മാരാണോ ആരായാലും വിലവര്‍ധിപ്പിക്കാതെയുള്ള സമീപനം ഈ ഘട്ടത്തില്‍ സ്വീകരിക്കേണ്ടതാണ്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.

കള്ളുഷാപ്പുകള്‍ മെയ് 13 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും

സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ മെയ് 13 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കള്ളുചെത്തിന് തെങ്ങൊരുക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെത്തുത്തൊഴിലാളികള്‍ കളള് ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ട്. ഇത് ഷാപ്പില്‍ എത്തിക്കേണ്ട താമസം മാത്രമേ ഇനിയുളളൂ. വരുന്ന ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യം കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കും. മറ്റുളളവരുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്ന് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഇനിയും കളള് ശേഖരിക്കാതിരുന്നാല്‍ ഒഴുക്കി കളയേണ്ട സാഹചര്യം ഉണ്ടാകും. അതിനാല്‍ കളള് ശേഖരിക്കാനും കള്ളുഷാപ്പുകള്‍ വഴി ഇവ വിതരണം ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി.