LiveTV

Live

Kerala

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗമുക്തരില്ല

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗമുക്തരില്ല

ഇന്ന് സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് കോവിഡ് രോഗവും വയനാട് ജില്ലയിലാണ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധിച്ചത്. ചെന്നൈയിൽ പോയി വന്ന വാഹനത്തിലെ ഡ്രൈവർക്ക് കോവിഡ് ബാധിച്ചു. ഇയാളുടെ അമ്മയ്ക്കും ഭാര്യക്കും പിന്നെ ക്ലീനറുടെ മകനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റിടങ്ങളിൽ പോയി വരുമ്പോൾ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ അയഞ്ഞാൽ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണിത്. ഇന്ന് ആരുടെ പരിശോധനാ ഫലവും നെഗറ്റീവായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ സംസ്ഥാനത്ത് 502 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 37 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 21034 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 21034 പേര്‍ വീടുകളിലും രോഗലക്ഷണങ്ങളെ തുടര്‍ന്ന് 308 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം 80 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 33800 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 33265 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് ജില്ലകള്‍ കോവിഡ് മുക്തമാണ്.

വിദേശത്ത് നിന്നും പ്രവാസികള്‍ നാട്ടിലേക്ക് വരാനുള്ള നടപടികള്‍ക്ക് കേന്ദ്രം തുടക്കം കുറിച്ചതായും വളരെ കുറച്ചു പേരെ മാത്രമേ ആദ്യ ഘട്ടത്തിൽ എത്തിക്കാന്‍ സാധിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ആദ്യ അഞ്ച് ദിവസം 2250 പേരാകും എത്തുകയെന്നും ആകെ 80000 പേരാകും എത്തുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരിച്ചുവരുന്ന ആളുകളുടെ മുന്‍ഗണന പട്ടികയായി - തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കി നല്‍കാത്തവര്‍, ജയിൽ മോചിതര്‍, ഗര്‍ഭിണികള്‍, മാതാപിതാക്കളിൽ നിന്നും വേര്‍പെട്ടു നില്‍ക്കുന്ന കുട്ടികള്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ എന്നിവരെ പരിഗണിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ടവരെ ഏറ്റവും വേഗം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് എത്തിക്കണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അറിയിച്ചു.

കേന്ദ്ര ഗവണ്‍മെന്റ് അറിയിച്ചതനുസരിച്ച് കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശത്ത് നിന്നും ആളുകളെ എത്തിക്കുന്നത്. ഇത് വലിയ അപകടം സൃഷ്ടിക്കുമെന്നും ഒരു വിമാനത്തിൽ ഇരുന്നൂറോളം പേര്‍ യാത്ര ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് രോഗം വന്നാല്‍ തന്നെ അത് വ്യാപിക്കാന്‍ കാരണമാകും, ഇത് പിന്നീട് രാജ്യമൊട്ടാകെ വൈറസ് ബാധിക്കാന്‍ കാരണമാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വിദേശങ്ങളിൽ നിന്നും എല്ലാവരെയും എത്തിക്കേണ്ടത് പ്രധാനമാണെന്നും ആളുകള്‍ വരുമ്പോള്‍ കോവിഡ് വ്യാപനം തടയുന്നതിൽ നിന്നും വ്യതിചലിക്കാനാവില്ലെന്നും ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താതെ വിമാനത്താവളത്തിൽ തിരിച്ചെത്തിക്കും മുന്‍പ് പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

വരുന്നവരെ നേരെ വീടുകളിലേക്ക് അയക്കാതെ ചുരുങ്ങിയത് ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും ഏഴാമത്തെ ദിവസം പി.സി.ആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായ ആള്‍ക്കാരെ വീട്ടിലേക്കയക്കുമെന്നും പോസിറ്റീവായാല്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. വീട്ടിലേക്ക് പോയവരും പിന്നീട് ഒരാഴ്ചക്കാലം ക്വാറന്റൈനില്‍ നില്‍ക്കണം.

കൊച്ചി തുറമുഖം വഴിയും ആളുകളെത്തുമെന്നും മാലദ്വീപില്‍ നിന്നും രണ്ടും യു.എ.ഇയില്‍ നിന്ന് ഒരു കപ്പലും പ്രവാസികളുമായി വരുമെന്നും ഇവരെ സ്വീകരിക്കാനുള്ള നടപടികള്‍ സജ്ജമാക്കുമെന്നും അറിയിച്ചു. ഇവരെ പിന്നീട് സ്വന്തം പ്രദേശങ്ങള്‍ക്കടുത്തുള്ള ക്വാറന്റൈന്‍ സെന്ററുകളിലേക്ക് മാറ്റും.