LiveTV

Live

Kerala

അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി സഹായം ജില്ലാകലക്ടര്‍മാര്‍ സ്വീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ്

അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി  സഹായം ജില്ലാകലക്ടര്‍മാര്‍ സ്വീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ്

അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി നല്‍കാനുള്ള സഹായം ജില്ലാകലക്ടര്‍മാര്‍ സ്വീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ്. ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും എറണാകുളത്തുമാണ് സഹായവാഗ്ദാനവുമായി കോണ്‍ഗ്രസ്സ് ജില്ലാ അദ്ധ്യക്ഷന്‍മാര്‍ കലക്ടര്‍മാരെ സമീപിച്ചത്. പണം സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ചെലവ് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആയതുകൊണ്ട് കോണ്‍ഗ്രസിന്‍റെ സംഭാവന സ്വീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് പി.സി.സികൾ വഹിക്കണമെന്ന് സോണിയാ ഗാന്ധി നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ തുക കൈമാറാനായി വിവിധ ജില്ലകളിലെ കലക്ടര്‍മാരെ സമീപിച്ചത്. 10 ലക്ഷം രൂപ നല്‍കാമെന്ന് ആലപ്പുഴ ജില്ലാകമ്മിറ്റി ഉച്ചയോടെ ജില്ലാകലക്ടറെ അറിയിച്ചെങ്കിലും വാഗ്ദാനം കലക്ടര്‍ നിരസിച്ചു. സർക്കാർ അനുമതിയില്ലാതെ തുക കൈപ്പറ്റാനാകില്ലെന് കളക്ടർ അറിയിച്ചു. തുടര്‍ന്ന് ഡി.സി.സി പ്രസിഡന്‍റ് എം ലിജു, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവര്‍ കലക്ട്രേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കണ്ണൂര്‍ ഡി.സി.സി പ്രസിഡന്‍റ് സതീഷന്‍ പാച്ചേനി പത്ത് ലക്ഷം രൂപ നല്‍കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്ബാബുവിനെ സമീപിച്ചെങ്കിലും ചെക്ക് വാങ്ങാന്‍ കലക്ടര്‍ തയ്യാറായില്ല. കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി സിദ്ധിക്കിന്‍റെ നേതൃത്വത്തില്‍ നല്‍കിയ പത്തു ലക്ഷം രൂപയുടെ ചെക്ക് ആദ്യം കലക്ടര്‍ വാങ്ങി വെച്ചു. പിന്നീട് നിരസിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് കലക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എം.കെ രാഘവൻ എം.പിയും സ്ഥലത്തെത്തി.

പണം സ്വീകരിക്കുന്നതിന് സർക്കാർ നിർദേശമില്ലെന്ന് അറിയിച്ച് കൊണ്ട് എറണാകുളത്തും കോണ്‍ഗ്രസ്സ് വാഗ്ദാനം കലക്ടർ നിരസിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ എന്തുകൊണ്ട് കെ.പി.സി.സിയുടെ സഹായ വാഗ്ദാനം നിരസിക്കുന്നു എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കലക്ടറെ കാണാന്‍ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു.