LiveTV

Live

Kerala

ഡി.വൈ.എഫ്.ഐ ഫോട്ടോ മത്സരത്തില്‍ ടി.പി വധകേസ് പ്രതി ഷാഫി; വിവാദം കടുത്തപ്പോള്‍ പിന്‍വലിച്ചു

ഡി.വൈ.എഫ്.ഐ ഫോട്ടോ മത്സരത്തില്‍  ടി.പി വധകേസ് പ്രതി ഷാഫി; വിവാദം കടുത്തപ്പോള്‍ പിന്‍വലിച്ചു

കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫോട്ടോ മത്സരം വിവാദമാകുന്നു. ഡി.വൈ.എഫ്.ഐ പെരിങ്ങത്തൂര്‍ മേഖല കമ്മറ്റി സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനമാണ് ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ ചിത്രത്തിലൂടെ വിവാദമായത്. ഇതോടെ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തു.

‘അച്ഛനൊപ്പം ഒരു ഫോട്ടോ’ എന്ന തലക്കെട്ടിലായിരുന്നു ഡി.വൈ.എഫ്.ഐ പെരിങ്ങത്തൂര്‍ മേഖലാ കമ്മറ്റി ഫോട്ടോ മത്സരം സംഘടിപ്പിച്ചത്. പിതാവിനൊപ്പമുളള മികച്ച ചിത്രങ്ങള്‍ അയച്ചു നല്‍കിയാല്‍ ഡി.വൈ.എഫ്.ഐയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചുകൊണ്ടാണ് മല്‍സരം ക്രമീകരിച്ചത്. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന ചിത്രത്തിന് സമ്മാനവും നല്‍കും. മെയ് ഒന്നിന് തുടങ്ങിയ മത്സരത്തിലേക്ക് ആദ്യം ചിത്രം അയച്ചത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫിയാണ്. ഷാഫിയും പിതാവും ചേര്‍ന്നുളള ചിത്രത്തിന് ആദ്യ കമന്‍റും ലൈക്കും നല്‍കിയതാവട്ടെ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയും. ‘പ്രിയപ്പെട്ടവര്‍’ എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ കമന്റ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയിത്തിലധികം കമന്റുകളും രണ്ടായിരത്തോളം ലൈക്കും ചിത്രത്തിന് ലഭിച്ചു. ഇതിനിടെ സംഭവം വിവാദമായതോടെ ഡി.വൈ.എഫ്.ഐ നേതൃത്വം ഇടപെട്ട് ഷാഫിയുടെയും പിതാവിന്റെയും ചിത്രം ഫേസ്ബുക്ക് പേജില്‍ നിന്നും ചിത്രം നീക്കം ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ള ടി.പി വധക്കേസിലെ പ്രതികള്‍ ഇപ്പോള്‍ പരോളിലാണ്. 2012 മെയ് നാലിന് രാത്രി 10 മണിക്കാണ് ടി.പി ചന്ദ്രശേഖരനെ വടകര വള്ളിക്കാട് വെച്ച് ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കൊല്ലപ്പെടുത്തിയത്.