LiveTV

Live

Kerala

ഇതരസംസ്ഥാന മലയാളികളെ സ്വീകരിക്കാന്‍ വാളയാര്‍ ചെക്ക്പോസ്റ്റ് ഒരുങ്ങുന്നു 

വാളയാർ ചെക്ക്പോസ്റ്റിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കാൻ പാലക്കാട് ജില്ല കലക്ടർ ഉത്തരവിട്ടു

ഇതരസംസ്ഥാന മലയാളികളെ സ്വീകരിക്കാന്‍ വാളയാര്‍ ചെക്ക്പോസ്റ്റ് ഒരുങ്ങുന്നു 

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വാളയാർ ചെക്ക്പോസ്റ്റിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കാൻ പാലക്കാട് ജില്ല കലക്ടർ ഉത്തരവിട്ടു. ചെക്ക് പോസ്റ്റുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ലോക്ക്ഡൗൺ കാരണം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ കേരളത്തിലെത്തിക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്. വാളയാർ, മുത്തങ്ങ, അമരവിള, മഞ്ചേശ്വരം ചെക്ക് പോസ്റ്റുകൾവഴി മാത്രമേ പ്രവേശനം നൽകൂ.

ഏറ്റവും അധികം ആളുകൾ എത്താൻ സാധ്യതയുള്ള വാളയാർ ചെക്ക്പേസ്റ്റിൽ 16 കൗണ്ടറുകൾ പുതുതായി ആരംഭിച്ചു. രണ്ട് കൗണ്ടറുകൾ തമിഴ്നാട്ടിലേക്ക് പോകുന്നവർക്കും, ബാക്കി 14 കൗണ്ടർ കേരളത്തിലേക്ക് വരുന്നവർക്കുമായാണ് സജീകരിക്കുക. ഒരോ കൗണ്ടറിലും ആരോഗ്യ പ്രവർത്തകർ ഉണ്ടാകും. വരുന്നവർക്ക് രോഗലക്ഷണം കണ്ടാൽ ഉടൻ ജില്ല ആശുപത്രിയിലേക്ക് മാറ്റും. ആവശ്യമാണെന്ന് തോന്നുന്നവരെ വിവിധ ക്യാമ്പുകളിൽ പാർപ്പിക്കും. ബാക്കി ഉള്ളവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതി. സംസ്ഥാന അതിർത്തി കടന്ന് എത്തുന്നവരുടെ മുഴുവൻ വിവരങ്ങളും കംപ്യൂട്ടറിൽ ശേഖരിച്ച് വെക്കും.

വാളയാർ ചെക്ക് പോസ്റ്റിന് സമീപത്ത് ടാകസികൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാൻ മോട്ടോർ വാഹന വകുപ്പിന് കലക്ടർ നിർദേശം നൽകി. നോർക്ക വഴി റെജിസ്റ്റർ ചെയ്ത ആളുകളെ ചെക്ക് പോസ്റ്റിൽ എത്തേണ്ട സമയം മുൻകൂട്ടി അറിയിക്കും. ഈ സമയങ്ങളിൽ മാത്രമേ പ്രവേശനം നൽകൂ. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ അവിടങ്ങളിലെ ജില്ല ഭരണകൂടത്തിന്‍റെ അനുമതിപത്രം വാങ്ങണം. അടുത്ത ദിവസം മുതൽ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയും.