LiveTV

Live

Kerala

മാവോയിസ്റ്റെന്ന് സംശയിക്കുന്ന 23 പേരുടെ പട്ടിക തയ്യാറാക്കി എന്‍.ഐ.എ

ഡോക്ടര്‍,അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍,മനുഷ്യവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ലിസ്റ്റിലുള്ളത്. പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനടെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്

മാവോയിസ്റ്റെന്ന് സംശയിക്കുന്ന 23 പേരുടെ പട്ടിക തയ്യാറാക്കി എന്‍.ഐ.എ

മാവോയിസ്റ്റെന്ന് സംശയിക്കുന്ന 23 മലയാളികളുടെ പട്ടിക എന്‍.ഐ.എ തയ്യാറാക്കി. ഡോക്ടര്‍,അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍,മനുഷ്യവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ലിസ്റ്റിലുള്ളത്. പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനടെയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ചോദ്യം ചെയ്യാനായി ഇവരെ ഉടന്‍ വിളിപ്പിച്ചേക്കും. എന്‍.ഐ.എ തയ്യാറാക്കിയ പട്ടികയില്‍ വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യവകാശ പ്രവര്‍ത്തകനായ ഡോക്ടറുമുണ്ട്. അലന്‍-താഹ കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി അഭിഭാഷകനേയും, അദ്ദേഹത്തിന്‍റെ സുഹൃത്തായ സാംസ്കാരിക പ്രവര്‍ത്തകനേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

മുമ്പ് യു.എ.പി.എ കേസില്‍ ഉള്‍പ്പെട്ട പോരാട്ടം പ്രവര്‍ത്തകന്‍, മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ മൂന്ന് സഹോദരങ്ങള്‍, മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിന് ജയിലില്‍ കഴിയുന്ന തൃശ്ശൂര്‍ സ്വദേശിയുടെ മകള്‍, മലയാളം സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന യുവതി, കോഴിക്കോട്ടെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍‌ തുടങ്ങിയവരും പട്ടികയിലുണ്ട്. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുന്നുവെന്ന സംശയത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ഇനി പിടികൂടാനുള്ള സി.പി ഉസ്‍മാന് സഹായം നല്‍കുന്നത് ഇവരാണെന്നും എന്‍.ഐ.എ കരുതുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത അഭിലാഷ് പടച്ചേരി, വിജിത്ത് വിജയന്‍, എല്‍ദോ പൌലോസ് എന്നിവരോട് ഇന്നലെ കൂടുതല്‍ സമയവും ചോദിച്ചത് ഇവരെക്കുറിച്ചാണ്. സംശയിക്കുന്ന എല്ലാവരേയും ഉടന്‍ ചോദ്യം ചെയ്യാനാണ് എന്‍.ഐ.എ ഉദ്യോഗസ്ഥരുടെ തീരുമാനം. കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വിജയന്‍റെ നേത്യത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണത്തിന്‍റെ ചുമതല.