ഊരിപ്പിടിച്ച വാളുകള്‍ക്ക് നടുവിലൂടെ നടന്നയാള്‍ ഇപ്പോള്‍ ആരെയാണ് ഭയക്കുന്നത്; പിണറായിക്കെതിരെ മുല്ലപ്പള്ളി
സുരക്ഷക്കും ദുരന്ത നിവാരണത്തിനും വേണ്ടിയാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തതെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളിക്കൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍

സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്ത നടപടിയെ രൂക്ഷമായ് വിമര്‍ശിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സുരക്ഷക്കും ദുരന്ത നിവാരണത്തിനും വേണ്ടിയാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തതെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളിക്കൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍. പ്രതിമാസം രണ്ടു കോടി രൂപ ചെലവ് വരുന്ന ഹെലികോപ്റ്റര്‍ വാങ്ങിയത് സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും വേണ്ടിയാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ ആരോപിച്ചു.
ഊരിപ്പിടിച്ച വാളുകള്‍ക്കും കത്തികള്‍ക്കും നടുവിലൂടെ നടന്ന പിണറായി ആരെയാണ് ഭയക്കുന്നതെന്ന് മുല്ലപ്പള്ളി ചോദിച്ചു. കേരളം ഭരിച്ചവരില്‍ ഏറ്റവും അധികം സുരക്ഷാ സംവിധാനങ്ങളുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.
തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നു തൊട്ടടുത്തുള്ള പിണറായിയിലെ തന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി പോകുന്നത് 20 വാഹനങ്ങളുടെ അകമ്പടിയോടെയാണ്. ആംബുലന്‍സ്, ബോംബ് പരിശോധനാ സ്ക്വാഡ് തുടങ്ങിയവയുമുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ റെയില്‍വേ സ്റ്റേഷനില്‍ കാത്തുകെട്ടിക്കിടന്നാണ് മുഖ്യമന്ത്രിയെ വീട്ടില്‍ എത്തിക്കുന്നത്. മറ്റ് ജില്ലകളിലും സമാനമാണ് അവസ്ഥയെന്നും മുല്ലപ്പള്ളി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനായി ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന 'നാം മുന്നോട്ട്' പരിപാടിയിലൂടെ മുഖ്യമന്ത്രി അസത്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ഈ പരിപാടിക്ക് പ്രതിവര്‍ഷം 6.37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയുമാണ് ചെലവ്. 'നാം മുന്നോട്ടി'ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനു കരാര്‍ നല്‍കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു