LiveTV

Live

Kerala

വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി

മുരളീധരന് രാഷ്ട്രീയ തിമിരമാണെന്ന് മന്ത്രി കടകം പളളി സുരേന്ദ്രനും കുറ്റപ്പെടുത്തി.

വി മുരളീധരന് മുഖ്യമന്ത്രിയുടെ മറുപടി

സംസ്ഥാന സർക്കാറിൻെറ കയ്യിലിരിപ്പു കൊണ്ടാണ് കൊവിഡ് വ്യാപനം ഉണ്ടായതെന്ന കേന്ദ്രമന്ത്രി വി മുരളീധരൻെറ വിമർശനത്തിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നു. ആരോപണം ശുദ്ധ വിവരക്കേടാണെന്ന് പിണറായി വിജയൻ പറഞ്ഞു. പിണറായി സർക്കാർ ദുഷ്ടലാക്കോടെ പ്രവർത്തിക്കുകയാണെന്നായിരുന്നു മുരളീധരന്റെ മറുപടി.

സംസ്ഥാന സര്‍ക്കാരിന്‍റെ അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രത കുറവാണ് ഇടുക്കിയിലും കോട്ടയത്തും കണ്ടതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഫെയ്സ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുരളീധരനെതിരെ മുഖ്യ‌മന്ത്രി രൂക്ഷ വിമർശനമുയർത്തിയത്.

മുരളീധരന് രാഷ്ട്രീയ തിമിരമാണെന്ന് മന്ത്രി കടകം പളളി സുരേന്ദ്രനും കുറ്റപ്പെടുത്തി. എന്നാൽ മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കി വി.മുരളീധരൻ വീണ്ടും രംഗത്ത് വന്നു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തകിടം മറിക്കും വിധത്തിൽ ഇളവുകൾ പ്രഖ്യാപിച്ച പിണറായി സർക്കാരാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവർ‍ത്തിച്ചതെന്ന് ഫേസ്ബുക്കിലൂടെ മുരളീധരൻ മറുപടി നൽകി. ഇടുക്കിയിൽ മൂന്നും പാലക്കാട് ഒരു കേസും പോസിറ്റീവ് ആയത് രണ്ടാം ദിവസവും മറച്ചുവച്ചത് എന്തിനെന്ന് മുഖ്യമന്ത്രി പറയണം. പാളിച്ചയുണ്ടായാൽ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ കൊവിഡ് പ്രതിരോധത്തിന്റെ താളം തെറ്റുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.