LiveTV

Live

Kerala

നാട്ടിലെത്തുന്ന പ്രവാസികളെ ക്വാറന്റീന്‍ ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളുമായി തിരുവനന്തപുരം നഗരസഭ

നേരത്തെ തന്നെ പ്രവര്‍ത്തനക്ഷമമായ കൊവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമെ 9100 മുറികള്‍ കൂടിയാണ് നഗരസഭ കണ്ടെത്തിയിട്ടുള്ളത്.

നാട്ടിലെത്തുന്ന പ്രവാസികളെ ക്വാറന്റീന്‍ ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങളുമായി തിരുവനന്തപുരം നഗരസഭ

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് മടങ്ങിവരുന്ന പ്രവാസികളെ ക്വാറന്റീന്‍ ചെയ്യുന്നതിന് വിപുലമായ സൌകര്യങ്ങളൊരുക്കി തിരുവനന്തപുരം നഗരസഭ. മടങ്ങിയെത്തുന്നവരെ താമസിപ്പിക്കാന്‍ 14,000 കിടക്കകള്‍ക്കുള്ള സ്ഥലം ഇതിനകം കണ്ടെത്തി സര്‍ക്കാരിന് കൈമാറി.

നേരത്തെ തന്നെ പ്രവര്‍ത്തനക്ഷമമായ കൊവിഡ് കെയര്‍ സെന്ററുകള്‍ക്ക് പുറമെ 9100 മുറികള്‍ കൂടിയാണ് നഗരസഭ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 3900 എണ്ണം ബാത്ത് റൂം അറ്റാച്ച്ഡ് റൂമുകളാണ്. മറ്റുള്ളവയില്‍ പൊതുശുചിമുറികളും. ഐ.എം.ജി ഹോസ്റ്റല്‍, മാര്‍ ഇവാനിയോസ്, യൂണിവേര്‍സിറ്റി, വിമന്‍സ് കോളജ് തുടങ്ങിയവയുടെ ഹോസ്റ്റലുകള്‍, എല്‍.എം.എസ് കോമ്പൌണ്ട്, നഗരത്തിലെ ചെറുതും വലുതുമായ ഹോട്ടലുകള്‍ എന്നിവയിലാണ് ക്വാറന്റൈന്‍ ചെയ്യുന്നതിനാവശ്യമായ മുറികള്‍ കണ്ടെത്തിയിട്ടുള്ളത്.

വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം ആളുകളെ എവിടെ പാര്‍പ്പിക്കണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല നഗരസഭക്കാണ്. ഇവിടങ്ങളില്‍ നിയോഗിക്കേണ്ട സന്നദ്ധ പ്രവര്‍ത്തകരടക്കം സജ്ജം.

കൂടുതല്‍ പേരെ ക്വാറന്റീന്‍ ചെയ്യേണ്ടി വന്നാല്‍ ചന്ദ്രശേഖരന്‍ നായര്‍, യൂണിവേര്‍സിറ്റി സ്റ്റേഡിയങ്ങളും സജ്ജീകരിക്കും. സമാനമായി, സംസ്ഥാനത്താകെ രണ്ടേകാല്‍ ലക്ഷം കിടക്കകള്‍ക്കുള്ള സ്ഥലം ഇതിനകം കണ്ടെത്തിക്കഴിഞ്ഞു.

പൊതുമരാമത്ത് വകുപ്പിനാണ് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കേണ്ട ചുമതല. തിരികെയെത്തുന്നവരില്‍ രോഗലക്ഷണങ്ങളുള്ളവര്‍ക്കും വീടുകളില്‍ നിരീക്ഷണത്തിലിരിക്കാന്‍ പ്രയാസമുള്ളവര്‍ക്കുമാണ് സര്‍ക്കാര്‍ സംവിധാനമൊരുക്കുക.