LiveTV

Live

Kerala

വയനാട്ടില്‍ കുരങ്ങുപനി മരണം മൂന്നായി

നിലവില്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഏഴുപേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.

വയനാട്ടില്‍ കുരങ്ങുപനി മരണം മൂന്നായി

വയനാട്ടില്‍ കുരങ്ങുപനി മരണം മൂന്നായി. കാട്ടിക്കുളം കാളിക്കൊല്ലി കോളനിയിലെ കേളുവിന്‍റെ മരണം കുരങ്ങുപനി മൂലമാണെന്നാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ് കേളു മരിച്ചത്. നിലവില്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഏഴുപേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്.

വയനാട്ടില്‍ ഇന്നു മാത്രം മൂന്ന് പേര്‍ക്കാണ് കുരങ്ങു പനി സ്ഥിരീകരിച്ചത്. ഇവരിലൊരാള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ച കാട്ടിക്കുളം കാളിക്കൊല്ലി കോളനിയിലെ കേളുവാണ്. ഇതോടെ ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നായി. നേരത്തെ നാരങ്ങാകുന്ന് കോളനിയിലെ മീനാക്ഷി ബേഗൂര്‍ കോളനിയിലെ മാരി എന്നിവരാണ് കുരങ്ങുപനി ബാധിച്ച് മരിച്ചത്. തിരുനെല്ലി പരിസരങ്ങളിലാണ് രോഗം വ്യാപിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 27 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു.

നിലവില്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഏഴുപേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. തിരുനെല്ലിയില്‍ ഇതിനകം തന്നെ പ്രതിരോധ കുത്തിവെപ്പും ബോധവത്കരണവും ആരംഭിച്ചു കഴിഞ്ഞു. രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയെ കുരങ്ങുപനി പ്രത്യേക ആശുപത്രിയാക്കി മാറ്റി. മാനന്തവാടി സബ്കലക്ടര്‍ ഓഫീസില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു. കന്നുകാലികളെ കാട്ടില്‍ മേയ്ക്കുന്നത് നിരോധിച്ചു. പകരം ഊരുകളില്‍ ഭക്ഷണവും വിറകും കാലിത്തീറ്റയും എത്തിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.